കിട്ടാക്കനിയായി കല്ലുമ്മക്കായ
കൊയിലാണ്ടി: കിട്ടാക്കനിയായി കല്ലുമ്മക്കായ. തിക്കോടി കല്ലകത്ത്, കോടിക്കൽ, മൂടാടി പ്രദേശങ്ങളിൽ സുലഭമായി ലഭിച്ചിരുന്ന കല്ലുമ്മക്കായ ഇപ്പോൾ കിട്ടാക്കനിയായി . ഇതോടെ ഈ രംഗത്തെ തൊഴിലാളികൾ ദുരിതത്തിലാണ്. തിക്കോടി കല്ലകത്ത് കടപ്പുറത്ത് അറുപതോളം തൊഴിലാളികൾ കല്ലുമ്മക്കായ പറിച്ചാണ് ജീവിക്കുന്നത്. അടിയൊഴുക്കും കല്ലും മണ്ണും വന്ന് മൂടുന്നതും മറ്റുമാണ് കല്ലുമ്മക്കായ കുറയാൻ കാരണം. ഇപ്പോൾ കടപ്പുറത്തു തന്നെ ഒരു കിലോയ്ക്ക് 350 രൂപ വിലയുണ്ട്. കരയിൽ നിന്ന് ഏകദേശം അഞ്ചു കിലോമീറ്റർ ദൂരത്തിനുള്ളിലാണ് കല്ലുമ്മക്കായ പറിക്കുന്നത്. 25 അടിയോളം ആഴത്തിലുള്ള കല്ലിൽ കടിച്ചു കിടക്കുന്ന കല്ലുമ്മക്കായ മുങ്ങിയാണ് പറിക്കുന്നത്. ഓഗസ്റ്റിൽ തുടങ്ങുന്ന സീസൺ മേയ് മാസത്തോടെ അവസാനിക്കും.

പണ്ടൊക്കെ വേലിയിറക്ക സമയത്ത് കരയോടടുത്ത പാറകളിൽ ചെറിയ കല്ലുമ്മക്കായ പറിക്കാൻ സമീപത്തുള്ള സ്ത്രീകളുടെയും കുട്ടികളുടെയും തിരക്കായിരുന്നു. അതെല്ലാം ഓർമയായി. ഇപ്പോൾ രാവിലെ ആറു മണിമുതൽ 11 മണി വരെ ജോലി ചെയ്താൽ നാലും അഞ്ചും കിലോ കല്ലുമ്മക്കായയേ ലഭിക്കുന്നുള്ളു. ഈ വരുമാനം കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഴിയാത്ത അവസ്ഥയാണ്. അതുകൊണ്ട് ഇവിടെയുള്ള പല തൊഴിലാളികളും ഈ ജോലിക്കായി മംഗലാപുരം പോലുള്ള സ്ഥലങ്ങളിലേക്ക് പോകുകയാണെന്ന് പോകുകയാണെന്ന് ഏജൻറ് നടുക്കണ്ടി സുബൈർ (53) പറഞ്ഞു. പതിമ്മൂന്ന് തൊഴിലാളികൾ ഇദ്ദേഹത്തിനു കീഴിൽ ഇവിടെയുണ്ട്.





