KOYILANDY DIARY

The Perfect News Portal

കാലിഗ്രാഫിയിൽ വിസ്മയം തീർത്ത് ഫാത്തിമ ഫർഹ

കൊയിലാണ്ടി: അറബി കാലിഗ്രാഫിയിൽ വിസ്മയം തീർത്ത് ഫാത്തിമ ഫർഹ. ഒരുവർഷം കൊണ്ട് അമ്പതിലധികം അറബിവാക്യങ്ങൾ വരച്ചാണ് രണ്ടാംവർഷ ബി.കോം. ബിരുദ വിദ്യാർഥിയായ ഫർഹ ശ്രദ്ധയാകർഷിക്കുന്നത്. കൊയിലാണ്ടി ബീച്ച് റോഡിലെ സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങൾ മദ്രസയിൽ പ്ലസ്ടു പഠന സമയത്ത് നോട്ട്ബുക്കിൽ വരച്ച അറബി വാക്യങ്ങൾ കണ്ട ഇസ്ഹാഖ് ഉസ്താദ് ആണ് ഫാത്തിമ ഫർഹയിലെ കലാകാരിയെ തിരിച്ചറിഞ്ഞത്. കാലിഗ്രാഫിയിൽ വേണ്ട പരിശീലനം നേടാൻ അദ്ദേഹമാണ് പ്രോത്സാഹനം നൽകിയത്. അതിനുശേഷം വിവിധങ്ങളായ അറബി പദങ്ങൾ വരച്ച്‌ കാലിഗ്രാഫിയിൽ ഏറെ മുന്നോട്ടുപോയി. ബീച്ച് റോഡിൽ ഖലീജ് മൻസിൽ ടി.എ. അബ്ദുൽ ഹമീദിന്റെയും സി.എച്ച്. ഷാഹിനയുടെയും മകളാണ് ഫാത്തിമ ഫർഹ.

പിതാവിൻ്റെ അബുദാബിയിലെ സുഹൃത്ത് ഹാറൂണാണ് കാലിഗ്രാഫിയ്ക്ക് വേണ്ട മഷിയും മുളം പേനയും നൽകിയത്. കണ്ണൂരിലെ ഷഹാന അബ്ദുല്ലയുടെ കീഴിൽ പരിശീലനം നേടിയതോടെ കാലിഗ്രാഫിയെ കൂടുതൽ മനസ്സിലാക്കാൻ സാധിച്ചു. ഇൻസ്റ്റഗ്രാം വഴി പരിശീലകരായ അൻഫസ് വണ്ടൂർ, അജ്മൽ ഗ്രാഫി കണ്ണൂർ, ഫയേസ എന്നിവരുടെ ഉപദേശങ്ങളും മറ്റു ക്ലാസുകളും കൂടുതലായി ലഭിച്ചതോടെ കാലിഗ്രാഫി ദിനചര്യപോലെ ജീവിതത്തിലേക്ക് മാറുകയായിരുന്നു. കല്യാണം, ഗൃഹപ്രവേശം, ജന്മദിനം എന്നിവയുണ്ടാകുമ്പോൾ ഫാത്തിമ ഫർഹയുടെ കാലിഗ്രാഫി സൃഷ്ടികൾക്കായി ഏറെയാളുകൾ എത്തും. ബാലുശ്ശേരി അംബേദ്കർ മെമ്മോറിയൽ ഗവ. കോ​േളജിലെ വിദ്യാർഥിയായ ഫർഹക്ക് കൂട്ടൂകാരികളിൽ നിന്നും അധ്യാപകരിൽ നിന്നും നല്ല പിന്തുണ കിട്ടുന്നുണ്ട്. കാലിഗ്രാഫി പഠനത്തിലൂടെ മനസ്സിന് വലിയ ആശ്വാസവും ഉന്മേഷവും ലഭിക്കുന്നുണ്ടെന്നും ഫർഹ പറഞ്ഞു. പ്ലസ് വൺ വിദ്യാർഥി ജമീല തൻഹ, നാലാം ക്ലാസ് വിദ്യാർഥി മുഹമ്മദ് സിനാൻ എന്നിവരാണ് സഹോദരങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *