KOYILANDY DIARY

The Perfect News Portal

കാരന്തൂർ മർക്കസിന് മുന്നിലെ സമരപന്തലും പരിസരവും യുദ്ധക്കളമായി

കുന്ദമംഗലം: കാരന്തൂർ മർക്കസിന് മുന്നിലെ സമരപന്തലും പരിസരവും ഇന്നലെ വൈകീട്ട് യുദ്ധക്കളമായി. മർക്കസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിംഗ് ടെക്നോളജി എന്ന സ്ഥാപനത്തിൽ വ്യാജ കോഴ്സ് നടത്തി നാനൂറിലധികം വിദ്യാർത്ഥികളെ വഞ്ചിച്ചുവെന്ന് ആരോപിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും നടത്തുന്ന സമരം 17 ദിവസം പിന്നിട്ട ഇന്നലെ വൈകുന്നേരം സംയുക്ത വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ സമരത്തിന് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് പ്രകടനവും ദേശീയ പാതയിൽ കുത്തിയിരിപ്പും നടത്തി.

കലക്ടർ പ്രശ്നത്തിൽ ഇടപെട്ടുവെങ്കിലും പരിഹാരമായില്ലെന്നും ഉടനടി പരിഹാരം വേണമെന്നുമായിരുന്നു സമരക്കാരുടെ ആവശ്യം. ഒരു മണിക്കൂറോളം ദേശീയ പാത ഉപരോധം തുടർന്നു. ഇതിനിടയിൽ സ്ഥലത്തെത്തിയ ചേവായൂർ സർക്കിൾ ഇൻസ്പക്ടർ കെ.കെ.ബിജു സമര നേതാക്കളുമായി ചർച്ച നടത്തി. റോഡ് ഉപരോധം പിൻവലിക്കണമെന്നാവശ്യ പ്പെട്ടെങ്കിലും സമരക്കാർ വഴങ്ങിയില്ല. കലക്ടറോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ സമരം നടത്തുന്ന കുട്ടികൾക്ക് ഉറപ്പ് നൽകിയെങ്കിൽ മാത്രമേ ഉപരോധത്തിൽ നിന്ന് പിന്മാറുകയുള്ളൂവെന്ന് സംഘടനാ നേതാക്കൾ വ്യക്തമാക്കി.

ഇതിനിടയിൽ മൂന്ന് വിദ്യാർത്ഥികൾ മർക്കസിനടുത്ത മൂന്ന് നില കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത് ആശങ്കയുണർത്തി. റോഡിൽ കുത്തിയിരിക്കുന്ന വിദ്യാർത്ഥികളെ ബലം പ്രയോഗിച്ച് നീക്കം ചെയ്യാൻ പൊലീസ് തുടങ്ങിയതോടെ സംഘർഷാവസ്ഥയായി. കുട്ടികളെ തൂക്കിയെടുത്തും നിലത്ത് കൂടെ വലിച്ചിഴച്ചും പൊലീസ് വാനിൽ കയറ്റുകയായിരുന്നു. ഇതിനിടയിൽ സമരപ്പന്തലിലേക്ക് കല്ലേറുണ്ടായി. പിന്നീട് സമരക്കാരുടെ ഇടയിലേക്കും പോലീസുകാർക്ക് നേരെയും കല്ലും ബിയർ കുപ്പികളും വന്നുവീണു. മാധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് നേരെ കല്ലേറ് വന്നു.

Advertisements

കണ്ണീർ വാതക പ്രയോഗവും ലാത്തിച്ചാർജ്ജും നടന്നു. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ളവ തച്ചുതകർത്തു. അര മണിക്കൂർ നേരം യുദ്ധസമാനമായ അന്തരീക്ഷമായിരുന്നു. കല്ലേറിൽ പരിക്കേറ്റ മൂന്ന് കുട്ടികളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജാബിർ പരപ്പൻപൊയിൽ, മി‌സ്‌ഹാബ് കുറ്റിച്ചിറ, എബിൻ കമ്പളക്കാട് എന്നിവരാണ് ആശുപത്രിയിലുള്ളത്. മറ്റ് ചിലർ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്.

ഇതിനിടയിൽ സമരം ചെയ്തതിന് അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിൽ നാട്ടുകാർ തടിച്ചു കൂടി. യു.ഡി.എഫ് പ്രവർത്തകർ കുന്ദമംഗലം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. രാത്രി വൈകിയും ഇവിടെ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. മർകസ് കവാടത്തിന് മുമ്പിലെ സമരപന്തലും നൂറോളം ബാനറുകളും അപ്രത്യക്ഷമായി.

Leave a Reply

Your email address will not be published. Required fields are marked *