KOYILANDY DIARY

The Perfect News Portal

കാപ്പാട്-കൊയിലാണ്ടി തീരദേശ റോഡ് നിര്‍മാണം അന്തിമ ഘട്ടത്തില്‍

കൊയിലാണ്ടി: നഗരത്തിലെ ഗതാഗതക്കുരുക്കിന് അല്‍പ്പമെങ്കിലും പരിഹാരമാകുമെന്ന് കരുതുന്ന കാപ്പാട്-കൊയിലാണ്ടി തീരദേശ റോഡ് നിര്‍മാണം അന്തിമ ഘട്ടത്തില്‍. തീരദേശ റോഡിന്റെ ടാറിങ്ങ് തൊണ്ണൂറ് ശതമാനവും പൂര്‍ത്തിയായി. കൊയിലാണ്ടി ഹാര്‍ബറിന് സമീപവും പൊയില്‍ക്കാവിനും കാപ്പാടിനും ഇടയിലുള്ള ചെറിയൊരു ഭാഗത്തുമാണ് ടാറിങ്ങ് പൂര്‍ത്തിയാകാനുള്ളത്. അതും രണ്ടാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. ദേശീയപാതയിലെ വാഹനങ്ങളുടെ മരണപ്പാച്ചില്‍ മൂലമുള്ള  അപകടങ്ങളില്‍ നിന്നും രക്ഷ നേടാന്‍ ഇരുചക്രവാഹനക്കാരും കാറുകാരും ഇപ്പോള്‍ തന്നെ തീരദേശ റോഡിനെ ആശ്രയിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഏഴുകുടിക്കല്‍ ഭാഗത്ത്  റോഡ് വികസനത്തിന് സ്വകാര്യ വ്യക്തി സ്ഥലം വിട്ടുകൊടുക്കാത്തത് നിര്‍മാണത്തിന് പ്രതിസന്ധി തീര്‍ത്തിട്ടുണ്ട്. കാപ്പാട് മുതല്‍ ഹാര്‍ബര്‍ വരെ നാലര കി.മീറ്റര്‍ നീളത്തിലും എട്ട് മീറ്റര്‍ വീതിയിലാണ് തീരദേശ റോഡ് നിര്‍മിച്ചത്. ആറ് മീറ്റര്‍ വീതിയില്‍ റോഡ് ടാര്‍ ചെയ്തിട്ടുണ്ട്. ഒന്‍പത് കോടി രൂപയോളം ചെലവഴിച്ചാണ് തീരദേശ റോഡ് നിര്‍മിക്കുന്നത്. നിലവില്‍ പരസ്​പരം ബന്ധപ്പെടാതെ കിടക്കുന്ന റോഡുകള്‍ ബന്ധിപ്പിച്ചും നിലവിലുള്ള റോഡുകള്‍ മണ്ണിട്ട് ഉയര്‍ത്തിയുമാണ് തീരദേശ റോഡ് യാഥാര്‍ഥ്യമാക്കിയത്. റോഡ് നിര്‍മാണത്തിന്റെ ഭാഗമായി ചെറിയ മങ്ങാട്, ഏഴുകുടിക്കല്‍, കാപ്പാട് തുവ്വപ്പാറ തോടുകള്‍ക്ക് കുറുകെ ചെറു പാലങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് റോഡ് നിര്‍മാണം നടത്തുന്നത്.