കാന്‍സര്‍ ബാധിച്ച കുരുന്നുകള്‍ക്കൊപ്പം നൃത്തവും കളികളുമായി റിമ കല്ലിങ്കല്‍

കൊച്ചി: കാന്‍സര്‍ ബാധിച്ച കുരുന്നുകള്‍ക്കൊപ്പം അവരെ ആനന്ദിപ്പിക്കാനായി താനും സംഘവും ഇനി മുതല്‍ ആശുപത്രികള്‍ സന്ദര്‍ശിക്കുകയും അവര്‍ക്കൊപ്പം നൃത്തവും കളികളുമായി കഴിയുമെന്നും ചലച്ചിത്ര താരം റിമ കല്ലിങ്കല്‍. കുട്ടികളിലെ കാന്‍സര്‍ ബോധവല്‍ക്കരണത്തിനായി കൊച്ചിയിലെ ആരോഹ് എന്ന സന്നദ്ധ സംഘടന നടത്തിയ ബൈക്ക് റൈഡ് ബോധവല്‍ക്കരണ പരിപാടി കൊച്ചിയില്‍ ഫ്ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു റിമ.
‘കുട്ടികളിലെ കാന്‍സറിനെപ്പറ്റിയും അവര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും എനിക്ക് അറിവു നല്‍കിയത് ആരോഹിലെ പ്രവര്‍ത്തകരാണ്. എത്രമാത്രം വേദനാജനകമായ സാഹചര്യങ്ങളിലൂടെയാണ് കുട്ടികള്‍ കടന്നുപോകുന്നതെന്ന് എനിക്ക് മനസ്സിലായി. അവരെ സന്തോഷിപ്പിക്കാന്‍ എന്നാല്‍ കഴിയുന്നതെല്ലാം ചെയ്യാന്‍ ഞാന്‍ തയാറാണ്,’ റിമ കല്ലിങ്കല്‍ പറഞ്ഞു. കൊച്ചി ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നിന്നും ഞായറാഴ്ച രാവിലെ 9-ന് ഫ്ളാഗ് ഓഫ് ചെയ്ത ബോധവല്‍ക്കരണ ബൈക്ക് റാലിയുമായി സഹകരിച്ചത് കൊച്ചിയിലെ ഹാര്‍ലി ഡേവിഡ്സണ്‍ ഉടമകളുടെ കൂട്ടായ്മയായ സ്പൈസ് കോസ്റ്റ് ഹോഗ് ആണ്. അമൃതാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ പീഡിയാട്രിക് ഓങ്കോളജിസ്റ്റായ ഡോക്ടര്‍ ഹരിശങ്കരനും ആസ്റ്റര്‍ മെഡിസിറ്റിയിലെ പീഡിയാട്രിക് ഓങ്കോളജിസ്റ്റായ ഡോക്ടര്‍ രഘുവും ചടങ്ങില്‍ സംബന്ധിച്ചു.

ആരോഹിന്റെ സ്ഥാപകയും മാനേജിങ് ഡയറക്ടറുമായ ബിന്ദു എന്‍ നായരും ആരോഹിന്റെ പ്രോഗ്രാം കോഓഡിനേറ്ററായ ശ്രുതി കിരണും ആരോഹിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും കുട്ടികളിലെ കാന്‍സറിനെപ്പറ്റിയും ചടങ്ങില്‍ സംസാരിച്ചു. കാന്‍സര്‍ ബാധിരായ കുട്ടികളും അവരുടെ മാതാപിതാക്കളും വോളണ്ടിയര്‍മാരും ചടങ്ങിനെത്തിയിരുന്നു.

ഹാര്‍ലി കസ്റ്റമര്‍ ഗ്രൂപ്പിന്റെ പ്രസിഡന്റായ രാജേഷ് നയിച്ച റാലിയില്‍ ഏതാണ്ട് 25-ഓളം റൈഡര്‍മാര്‍ പങ്കെടുത്തു. ചത്തിയാത്ത് റോഡിലെ പ്രസ്റ്റീജ് അപ്പാര്‍ട്ട്മെന്റിനു മുന്നിലാണ് റാലി സമാപിച്ചത്. കാന്‍സര്‍ ബോധവല്‍ക്കരണത്തിനായുള്ള ആരോഹിന്റെ പരിപാടികള്‍ക്ക് തുടര്‍ന്നും തങ്ങള്‍ പിന്തുണ നല്‍കുമെന്ന് സ്പൈസ് കോസ്റ്റ് ഹോഗ് രാജേഷ് അറിയിച്ചു.

