കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി; വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി സ്വീകരിച്ചു

തിരുവനന്തപുരം: കശുവണ്ടി വികസന കോര്‍പ്പറേഷനിലെ അഴിമതിയില്‍ മുന്‍ ചെയര്‍മാന്‍ ആര്‍ ചന്ദ്രശേഖരന്‍, എം ഡി രതീഷ് എന്നിവരെ കുറ്റവിമുക്തരാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി സ്വീകരിച്ചു. തോട്ടണ്ടി ഇറക്കുമതിയില്‍ ആറു കോടി രൂപയുടെ അഴിമതി നടന്നുവെന്ന പരാതിയിലാണ് കേസ് എടുത്തിരുന്നത്.
കശുവണ്ടി വികസന കോര്‍പറേഷനിലെ തോട്ടണ്ടി ഇറക്കുമതിയില്‍ അഴിമതി നടന്നിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് വിജിലന്‍സ് നല്‍കിയത്. കോര്‍പറേഷന്‍ മുന്‍ ചെയര്‍മാന്‍ ആര്‍ ചന്ദ്രശേഖരന്‍ ഉള്‍പ്പടെ നാലുപേരെ പ്രതികളാക്കിയാണ് വിജിലന്‍സ് കേസെടുത്തത്. തുടരന്വേഷണത്തില്‍ ഇവരെ കുറ്റവിമുക്തരാക്കിയാണ് വിജിലന്‍സ് അന്തിമ റിപ്പോര്‍ട്ട് കൊടുത്തത്. തോട്ടണ്ടി ഇറക്കുമതിയില്‍ 2.86 കോടി രൂപയുടെ നഷ്‌ടം വരുത്തിയെന്നാണ് ഹര്‍ജിയിലെ ആരോപണം.

