KOYILANDY DIARY

The Perfect News Portal

കള്ളന്‍മാര്‍ക്ക് ഒരുക്കിയ കെണിയിൽ കുടുങ്ങിയത് ആകസ്മികമായി എത്തിപ്പെട്ട അപരിചിതര്‍

മുക്കം: കള്ളന്‍മാര്‍ക്ക് കെണിയൊരുക്കി കാത്തിരിക്കുന്ന നാട്ടുകാര്‍ക്കിടയില്‍ ആകസ്മികമായി എത്തിപ്പെട്ട അപരിചിതര്‍ കുടുങ്ങി. മലപ്പുറം ജില്ലയിലെ ചീക്കോട് വെട്ടുപാറ സ്വദേശികളായ മുബഷീര്‍, സൈഫുദ്ദീന്‍ എന്നീ യുവാക്കളാണ് മുക്കത്തിനടുത്ത എരഞ്ഞിമാവ് കല്ലായിയില്‍ നാട്ടുകാരുടെ ക്രൂരമര്‍ദ്ദനത്തിനിരയായത്.

അവധിക്ക് നാട്ടിലെത്തിയ പ്രവാസിയായ മുബഷീര്‍ സുഹൃത്തായ സൈഫുദ്ദീനൊപ്പം തോട്ടുമുക്കം ഭാഗത്ത് ക്ഷേത്രത്തില്‍ ഉത്സവം കാണാനെത്തി മടങ്ങുന്നതിനിടെയാണ് ജനക്കൂട്ടത്തിന്റെ ആക്രമണത്തിനിരയായത്. സ്ഥലം പരിചയമില്ലാത്തതിനാല്‍ കാര്‍ നിര്‍ത്തി വഴി അന്വേഷിക്കുന്നതിനിടെ ഇവരുടെയും വാഹനത്തിന്റെയും പടമെടുത്ത് മോഷ്ടാക്കളാണെന്ന തരത്തില്‍ ചിലര്‍ വാട്സ് ആപ്പില്‍ പ്രചരിപ്പിക്കുകയായിരുന്നു.

 ഈ പ്രദേശത്ത് ഏതാനുംദിവസമായി മോഷ്ടാക്കളുടെ ശല്യമുണ്ട്. ഇതൊന്നുമറിയാതെ എത്തിയ യുവാക്കള്‍ മടങ്ങിപ്പോകുന്നതിന്നിടയില്‍ അരിക്കോട്ട് ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയതായിരുന്നു. അവിടെയുള്ളവരാണ് ഇവരുടെ പടം മോഷ്ടാക്കളുടേതെന്ന തരത്തില്‍ വാട്സ്‌ആപ്പില്‍ പ്രചരിക്കുന്ന കാര്യം ശ്രദ്ധയില്‍ പെടുത്തിയത്.

തങ്ങള്‍ മോഷ്ടാക്കളല്ലെന്ന വിവരം നാട്ടുകാരെ ബോധ്യപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ അവിടെ നിന്നും പുറപ്പെട്ട യുവാക്കള്‍ കല്ലായിയിലെത്തിയപ്പോള്‍ ആയുധധാരികളായ ജനക്കൂട്ടം വളഞ്ഞു വച്ച്‌ ആക്രമിക്കുകയായിരുന്നു.
വിവര മറിഞ്ഞ് സ്ഥലത്തെത്തിയ അരീക്കോട് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ. സുബ്രഹ്മണ്യന്‍, സിവില്‍ പൊലീസ് ഓഫീസര്‍ ഷിനോജ് എന്നിവരും ആക്രമിക്കപ്പെട്ടു. ബുധനാഴ്ച രാത്രിയിലാണ് സംഭവം. മുക്കത്തുനിന്ന് കൂടുതല്‍ പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കായത്.

Advertisements

അക്രമത്തിനിരയായ യുവാക്കള്‍ മുക്കത്ത് സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇവരുടെ മാരുതി അള്‍ട്ടോ കാര്‍ തകര്‍ക്കുകയും മറിച്ചിടുകയും ചെയ്തിട്ടുണ്ട്. സംഭവം സംബന്ധിച്ച്‌ അരീക്കോട് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *