KOYILANDY DIARY

The Perfect News Portal

കള്ളനോട്ട് വിതരണത്തിനിടെ വടകരയില്‍ രണ്ടു പേര്‍ അറസ്റ്റില്‍

വടകര: കള്ളനോട്ട് വിതരണത്തിനിടെ വടകരയില്‍ രണ്ടു പേര്‍ അറസ്റ്റിലായി.വടകര താഴെ അങ്ങാടി ബൈത്തുല്‍ മശ്ഹൂറയില്‍ സുല്ലു എന്ന സലീം(38), മലപ്പുറം പെരിന്തല്‍മണ്ണ മേലാറ്റൂര്‍ കളത്തില്‍ അബ്ദുള്‍ ലത്തീഫ്(42) എന്നിവരെയാണ് വടകര ഡിവൈ.എസ്.പി. ടി.പി.പ്രേമരാജന്‍,സി.ഐ. ടി.മധുസൂദനന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് 3,16,500രൂപ കണ്ടെടുത്തു.

പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തെ എം.ആര്‍.എ ബേക്കറിക്ക് സമീപം വെച്ച്‌ കള്ളനോട്ട് കൈമാറുന്നതിനിടയിലാണ് ഇരുവരും പിടിയിലായതെന്ന് റൂറല്‍ എസ്.പി.എം.കെ.പുഷ്ക്കരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2000 രൂപയുടെ 24 നോട്ടുകളും,500 രൂപയുടെ രണ്ടു നോട്ടുകളുമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.

പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ വീടുകളില്‍ നടത്തിയ റെയ്ഡില്‍ 2,67,500 രൂപയും കണ്ടെടുത്തു.നോട്ടുകളില്‍ ത്രെഡുകളും പതിച്ചിട്ടുണ്ട്. വയനാട്ടിലാണ് നോട്ടുകള്‍ അച്ചടിച്ചതെന്നും, ഇതുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പിടികിട്ടാനുണ്ടെന്നും എസ്.പി.വ്യക്തമാക്കി.

Advertisements

ബംഗളുരു കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന അന്തര്‍ദേശീയ റാക്കറ്റുമായി ഇവര്‍ക്ക് ബന്ധമുള്ളതായി പൊലീസ് പറഞ്ഞു. മൂന്നര ലക്ഷത്തിന്റെ കള്ളനോട്ട് കൈമാറിയാല്‍ ഒന്നര ലക്ഷം രൂപയുടെ യഥാര്‍ത്ഥ നോട്ട് ഇവര്‍ക്ക് ലഭിക്കും. റൂറല്‍ ജില്ലയില്‍ ഇത് മൂന്നാം തവണയാണ് കള്ളനോട്ടുകള്‍ പിടികൂടുന്നത്.

പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത ശേഷം പ്രിന്‍റര്‍ അടക്കമുള്ള തൊണ്ടിമുതലുകള്‍ കണ്ടെടുക്കാന്‍ നടപടി സ്വീകരിക്കും. സംഘത്തില്‍ ജൂനിയര്‍ എസ്.ഐ .കെ.മുരളീധരന്‍,എ.എസ്.ഐമാരായ ബാബു കക്കട്ടില്‍, സി.എച്ച്‌.ഗംഗാധരന്‍, സീനിയര്‍ സി.പി.ഒ .കെ.പി. രാജീവന്‍, സി.പി.ഒ മാരായ കെ. യൂസഫ്, വി.വി. ഷാജി, എന്‍.കെ. പ്രദീപന്‍ എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *