KOYILANDY DIARY

The Perfect News Portal

കള്ളനോട്ട് പ്രിന്റ് ചെയ്ത കേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ പ്രിന്റിങ് ഉപകരണങ്ങള്‍ കണ്ടെടുത്തു

വടകര: കള്ളനോട്ട് വിതരണത്തിനിടയില്‍ അറസ്റ്റിലായ പ്രതികള്‍ നോട്ട് പ്രിന്റ് ചെയ്ത കേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ പ്രിന്റിങ് ഉപകരണങ്ങള്‍ കണ്ടെടുത്തു. വയനാട് പനമരം നടവയലില്‍ വടകര ടി. മധുസൂദനന്‍ നായരുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് തൊണ്ടി മുതലുകള്‍ കണ്ടെടുത്തത്.കേസ്സിലെ റിമാന്‍ഡ് പ്രതികളായ വടകര താഴെ അങ്ങാടി ബൈത്തുല്‍ മശ്ഹുറയില്‍ സുല്ലു എന്ന സലീം ,മലപ്പുറം പെരിന്തല്‍മണ്ണ മേലാറ്റൂര്‍ കളത്തില്‍ അബ്ദുള്‍ലത്തീഫ് എന്നിവരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ ശേഷം ചോദ്യം ചെയ്താണ് വയനാട്ടില്‍ എത്തിച്ച്‌ തൊണ്ടി മുതലുകള്‍ കണ്ടെടുത്തത്.

കേസ്സിലെ രണ്ടാം പ്രതി അബ്ദുള്‍ ലത്തീഫിന്റെ ഉമ്മയുടെ സഹോദരി ഭര്‍ത്താവ് അന്‍വറിന്റെ വീട്ടില്‍ വെച്ചായിരുന്നു നോട്ടുകള്‍ അച്ചടിച്ചത്.പ്രിന്റ് ചെയ്യാനുപയോഗിച്ച കമ്പ്യൂട്ടര്‍, പ്രിന്‍റര്‍, സ്കാനര്‍, മഷി, പേപ്പര്‍ കട്ടിങ് മിഷ്യന്‍, ലാമിനേഷന്‍ മിഷ്യന്‍, പേപ്പറുകള്‍, നോട്ടിലുള്ള ത്രെഡ് ഒട്ടിക്കാനുള്ള ഗിഫ്റ്റ് പാക്കിങ്ങിനുള്ള ടാപ്പ്, സിപിയു എന്നിവയാണ് പിടിച്ചെടുത്തത്.

ഡിസംബര്‍ മാസമാണ് പ്രതികള്‍ വീട് വാടകയ്ക്കെടുത്തത്.അത്തര്‍ കച്ചവടത്തിനാണെന്നാണ് ഇവര്‍ പരിസരവാസികളോട് പറഞ്ഞത്.ആവശ്യത്തിന് ഒന്നാം പ്രതി സലീം മാത്രമാണ് പുറത്തിറങ്ങാറുള്ളൂ. അതുകൊണ്ടു തന്നെ നാട്ടുകാര്‍ക്ക് ഇവരാരുമായും ബന്ധമുണ്ടായിരുന്നില്ലെന്നും പോലീസ് പറഞ്ഞു.

Advertisements

പോലീസ് റെയ്ഡിന് എത്തിയപ്പോഴാണ് കള്ളനോട്ട് പ്രിന്റിംഗ് കേന്ദ്രമാണെന്ന് നാട്ടുകാര്‍ അറിയുന്നത്. കേസ്സിലെ മൂന്നാം പ്രതി മലപ്പുറം പൂക്കോട്ടുപാടത്തുള്ള ലത്തീഫ് ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു.പനമരത്തുള്ള ഒരു കടയില്‍ 2000 രൂപയുടെ ഒരു കള്ള നോട്ട് എത്തിയതായും, കട ഉടമ നോട്ട് വ്യാജമാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് നശിപ്പിച്ചതായും സിഐ വ്യക്തമാക്കി.

ബംഗളുരു കേന്ദ്രീകരിച്ച്‌ പ്രവൃത്തിക്കുന്ന റാക്കറ്റുമായി പ്രതികള്‍ക്ക് ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിച്ചു വരികയാണ്. കേസ് സിബിസിഐഡി യ്ക്ക് കൈമാറുന്ന നടപടി ക്രമങ്ങള്‍ ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.ചോദ്യം ചെയ്യലിന് ശേഷം പ്രതികളെ വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തൊണ്ടി മുതലുകള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും.റെയ്ഡില്‍ എഎസ്‌ഐ മാരായ ബാബു കക്കട്ടില്‍,സിഎച്ച്‌ഗംഗാധരന്‍, സീനിയര്‍ സിപിഒകെപി രാജീവന്‍, സിപിഒ മാരായ കെ യൂസഫ്,വിവി ഷാജി,പ്രദീപന്‍ എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *