KOYILANDY DIARY

The Perfect News Portal

കളിആട്ടം 2022: കുട്ടികളുടെ അവധിക്കാല മഹോത്സവമൊരുങ്ങുന്നു

കൊയിലാണ്ടി: കുട്ടികളുടെ സമഗ്രമായ വികസനം ലക്ഷ്യമാക്കി പൂക്കാട് കലാലയം ചില്‍ഡ്രന്‍സ് തിയറ്ററിന്‍റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന അനൗപചാരിക വിദ്യാഭ്യാസ പരിപാടിയാണ് കളിആട്ടം. വിദ്യാഭ്യാസ പ്രവര്‍ത്തനവും കലാപ്രവര്‍ത്തനവും ചേരുന്ന പൂക്കാട് കലാലയം, സമഗ്രവിദ്യാഭ്യാസത്തിന്‍റെ സാധ്യതകളെ സാക്ഷാത്കരിക്കുന്ന കുട്ടികളുടെ അവധിക്കാലകൂട്ടായ്മയില്‍ 400 ഓളം കുട്ടികള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള് പറഞ്ഞു.

1999 ല്‍ നാടകാചാര്യന്‍ പ്രൊഫസര്‍ എസ്. രാമാനുജം, കൊച്ചുനാരായണപ്പിള്ള എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികളുടെ നാടകപരിശീലനകേമ്പോടെ ആരംഭിച്ച പൂക്കാട് കലാലയം ചില്‍ഡ്രന്‍സ് തിയറ്റര്‍ കുട്ടികളുടെ നാടകരംഗത്ത് മൂല്യവത്തായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ഈ നാടകകൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസപ്രാധാന്യവും പൊതുസമൂഹം പരക്കെ അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്. അറിവിന്‍റെ ലോകം മാത്രമല്ല മാനവീയതയുടെ ഒരു വലിയ ലോകം സാക്ഷാത്കരിക്കാന്‍ ഉതകുന്ന ആറുദിവസം നീണ്ടുനില്‍ക്കുന്ന കളിആട്ടം മെയ് 4 ന് ആരംഭിക്കും.

നാടക പഠനത്തോടൊപ്പം ഭാഷ, ചരിത്രം, ചിത്രരചന, സംഗീതം, താളം, വ്യായാമം, തിയറ്റര്‍ തുടങ്ങിയവയില്‍ ചിട്ടയായ പരിശീലനം നടക്കും. പൂക്കാട് കലാലയം സംഘടിപ്പിക്കുന്ന ഒമ്പതാമത് കളിആട്ടമാണ് ഇത്തവണ നടക്കുന്നത്. മെയ് നാലിന് കാലത്ത് 9 മണിക്ക് കേമ്പ് ആരംഭിക്കും. വൈകീട്ട് 5 മണിക്ക് കോഴിക്കോട് മേയര്‍ ബീനാഫിലിപ്പ് കളിആട്ടത്തിന്‍റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ഷീജാശശി അഞ്ചുദിവസം നിണ്ടുനില്‍ക്കുന്ന തിയേറ്റര്‍ ഫെസ്റ്റിവെല്‍ ഉദ്ഘാടനം ചെയ്യും.

Advertisements

ദിവസേനെ കാലത്ത് 7 മണിക്ക് ആരംഭിക്കുന്ന പരിശീലന പരിപാടികള്‍ വൈകീട്ട് നടക്കുന്ന തിയേറ്റര്‍ ഫെസ്റ്റിവലോടെ സമാപിക്കും. തിയേറ്റര്‍ ഫെസ്റ്റിവലില്‍ തൃശ്ശൂര്‍ തിയറ്റര്‍ റിപ്പബ്ലിക്ക് അവതരിപ്പിക്കുന്ന എലിക്കെണി നാടകം, പ്രഭാകരന്‍ പുന്നശ്ശേരിയും സംഘവും അവതരിപ്പിക്കുന്ന ഓട്ടന്‍ തുള്ളല്‍, ചേലിയ കഥകളി വിദ്യാലയം അവതരിപ്പിക്കുന്ന കഥകളി, കുമാരി നന്ദിനി ശിവദാസ് അവതരിപ്പിക്കുന്ന തായമ്പക, ഗുരുചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ കലാജീവിതവഴികളിലെ അനശ്വര മുഹൂര്‍ത്തങ്ങള്‍ കേര്‍ത്തിണക്കി കലാലയം നൃത്തവിഭാഗം അവതരിപ്പിക്കുന്ന ഗുരുപഥം നൃത്തസംഗീതിക, കലാലയം ചില്‍ഡ്രന്‍സ് തിയറ്റര്‍ അവതരിപ്പിക്കുന്ന നാടകം മാര്‍ഗയി, കാവ്യനാടകം കാവ്യകൈരളി എന്നിവ അവതരിപ്പിക്കും.

നിത്യേനെ വൈകീട് 6.30ന് കുട്ടികള്‍ക്കായി ഷോര്‍ട്ട് ഫിലിംമേള നടക്കും. കളിആട്ടം കേമ്പില്‍ കേരളത്തിലെ പ്രഗത്ഭരും പ്രശസ്തരുമായ വ്യക്തികള്‍ കുട്ടികളുമായി സംവദിക്കും. രക്ഷിതാക്കള്‍ക്കായി ഡോ. കെ.പി. അരവിന്ദന്‍റെ ആരോഗ്യബോധവല്‍ക്കരണക്ലാസ്സ് നടക്കും. മെയ് 7 ശനിയാഴ്ച കേമ്പംഗങ്ങള്‍ സംഘങ്ങളായി തിരിഞ്ഞ് ഗ്രാമത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ സൗഹൃദക്കൂട്ടായ്മകളൊരുക്കുന്ന നാട്ടുകളിപ്പന്തലില്‍ ഒത്തുചേര്‍ന്ന് പരിപാടികളവതരിപ്പിക്കും.

മെയ് 8 ന് ചേമഞ്ചേരി ക്വിറ്റ് ഇന്ത്യാസമര സ്മാരകത്തില്‍ നിന്ന് ആരംഭിച്ച് കാപ്പാട് കടപ്പുറത്തേക്ക് കേമ്പംഗങ്ങളും കലാലയം പ്രവര്‍ത്തകരും സ്വാതന്ത്ര്യസമരസ്മരണകളുണര്‍ത്തിക്കൊണ്ട് -ചരിത്രവഴികളിലൂടെ നാടകയാത്ര നടത്തും. ചരിത്രപ്രസിദ്ധമായ ഉപ്പുകുറുക്കല്‍ സമരത്തിന്‍റെ നാടകചിത്രം ആവിഷ്ക്കരിക്കും. സമാപനദിവസമായ മെയ് 9 ന് കേമ്പിലൂടെ കുട്ടികള്‍ തയ്യാറാക്കുന്ന 10 നാടകങ്ങള്‍ അവതരിപ്പിക്കും. വൈകീട്ട് 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനം എം.എല്‍.എ. കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്യും.

പ്രശസ്ത നാടകസംവിധായകന്‍ മനോജ് നാരായണനാണ് കേമ്പ് ഡയരക്ടര്‍, എ. അബൂബക്കര്‍ കേമ്പ് കോ-ഓര്‍ഡിനേറ്ററാണ്. കളിആട്ടത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് ബാബു പറശ്ശേരി ചെയര്‍മാനും കെ. ശ്രീനിവാസന്‍ ജനറല്‍ കണ്‍വ്വീനറുമായ സ്വാഗതസംഘമാണ്. 

Leave a Reply

Your email address will not be published. Required fields are marked *