KOYILANDY DIARY

The Perfect News Portal

കലാ – സാംസ‌്കാരിക സംഗമം സംഘടിപ്പിച്ചു

വടകര: വർഗീയതക്കെതിരെ ഇടതുപക്ഷത്തോടൊപ്പം എന്ന മറയില്ലാത്ത പ്രഖ്യാപനവുമായി കലാ -സാംസ‌്കാരിക സംഗമം. ഇടതുപക്ഷമാണ‌് ജനപക്ഷം എന്ന തിരിച്ചറിവ‌് നെഞ്ചേറ്റി ഐക്യദാർഢ്യവുമായി മലയാളത്തിന്റെ പ്രശസ‌്തരായ കഥാകൃത്തുക്കളും കവികളും പ്രഭാഷകരും പാട്ടുകാരും ചിത്രകാരന്മാരും എഴുത്തുകാരും അണിനിരന്ന കൂട്ടായ‌്മ ഫാസിസത്തിനെതിരായ തെരഞ്ഞെടുപ്പ‌ു പോരാട്ടത്തിന‌് കരുത്തായി.
സ‌്നേഹവും സൗഹൃദവും സംഗീതവും കലയുമെല്ലാം വർഗീയത വളർന്നാൽ ചുട്ടു ചാമ്പലാക്കുമെന്ന ഓർമപ്പെടുത്തലായിരുന്നു  സംഗമം പങ്കിട്ടത‌്. നിരവധി സാംസ‌്കാരിക പരിപാടികൾക്ക‌് അരങ്ങൊരുക്കിയ വടകര കോട്ടപ്പറമ്പിൽ ‘വർഗീയതക്കെതിരെ ഇടതുപക്ഷത്തോടൊപ്പം’ എന്ന സാംസ‌്കാരിക സംഗമം പുതിയ കാലത്തിന്റെ വെല്ലുവിളികളെ ഏറ്റെടുക്കാനുള്ള സമരോർജമായി. പാട്ടും വരയും പ്രഭാഷണവുമായി സംഗമം രാത്രിവരെ നീണ്ടു. നവോത്ഥാന ചരിത്ര വഴികളിൽ അടയാളമായ നിരവധി പാട്ടുകൾ ഗായകർ ആലപിച്ചു.
 ‘ഏതു വേദത്തിലുണ്ടന്യ മതസ്ഥരെ ദ്രോഹിക്കണമെന്ന തത്വം, ഏത‌ു വേദത്തിലുണ്ടന്യ മതസ്ഥരെ  സ‌്നേഹിക്കരുതെന്ന തത്വം’ എന്ന ഒഎൻവിയുടെ കാവ്യശീലുകൾക്ക‌് സംഗീതം പകർന്ന‌് വി ടി മുരളി പാടിയത‌് സംഗമത്തിന്റെ സന്ദേശ ഗാനമായി മാറി. ക്യാൻവാസിൽ പ്രതിഷേധവും പ്രതിരോധവും തീർത്ത വർണക്കൂട്ടുകളുടെ വരകൾ സമകാലീന ഭാരതീയ ജീവിതത്തിന്റെ മുദ്രകളായി.  സംഗീത ശിൽപ്പവും അഭിനയവും കാവ്യാലാപനവും സംഗമത്തിന‌്  മിഴിവേകി. തൊഴിലിടങ്ങളിലും വയലേലകളിലും വിയർപ്പുപൂത്ത നിരവധി പാട്ടുകൾ പ്രതിരോധത്തിന്റെ സംഗീതാനുഭവമായി.
മലയാളിയുടെ പ്രിയ കഥാകാരൻ എം മുകുന്ദൻ ഉദ‌്ഘാടനം ചെയ‌്തു. ഡോ. ഖദീജാ മുംതാസ‌്, കെ പി രാമനുണ്ണി, കരിവെള്ളൂർ മുരളി,     സി പി അബൂബക്കർ, മനയത്ത്‌ ചന്ദ്രൻ, കെ ഇ എൻ, രാവുണ്ണി, അനിൽ കുമാർ എ വി, ചിത്രകാരി കബിത മുഖോപാധ്യായ,  ലിസി മുരളീധരൻ എന്നിവർ സംസാരിച്ചു. പി ജയരാജനെ കുറിച്ച‌് ദേശാഭിമാനി അസി. എഡിറ്റർ എ വി അനിൽ കുമാർ എഡിറ്റ‌് ചെയ‌്ത ‘തളരാത്ത പോരാളി’ എന്ന പുസ‌്തകം മന്ത്രി ടി പി രാമകൃഷ‌്ണൻ പ്രകാശനം ചെയ‌്തു.  ബാലതാരം നക്ഷത്ര മനോജ‌് ഏറ്റുവാങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ രചിച്ച ‘ശബരിമല നവോത്ഥാനം – മതനിരപേക്ഷത’ എന്ന പുസ‌്തകം എം മുകുന്ദൻ പ്രകാശനം ചെയ‌്തു. നിഹാരിക എസ‌് മോഹൻ ഏറ്റുവാങ്ങി. പി  ജയരാജൻ രചിച്ച ‘സംഘർഷങ്ങളുടെ രാഷ‌്ട്രീയം’ എന്ന പുസ‌്തകത്തിന്റെ രണ്ടാംപതിപ്പ‌ിന്റെ പ്രകാശനവുമുണ്ടായി.
മജീഷ്യൻ സനീഷ്‌ വടകര വർഗീയ വിരുദ്ധ മാജിക്ക്‌ അവതരിപ്പിച്ചു.  പ്രസാദ്‌ കൈതക്കൽ അവതരിപ്പിച്ച  പൊളിറ്റിക്കൽ മാജിക്കും ശ്രദ്ധനേടി. ജാസി ഗിഫ്‌റ്റ്‌ പാടിയ ജയിക്കാൻ ജയരാജനൊപ്പം എന്ന പാട്ടുകളടങ്ങിയ സിഡി പ്രകാശനം എൽഡിഎഫ‌് വടകര ലോക‌്സഭാ മണ്ഡലം തെരഞ്ഞെടുപ്പ‌് കമ്മിറ്റി ചെയർമാൻ മനയത്ത്‌ ചന്ദ്രൻ നിർവഹിച്ചു. വേദിക്ക്‌ ഇരുവശവുമായി ഒരുക്കിയ ക്യാൻവാസിൽ പ്രതിരോധത്തിന്റെ വരകളുമായി പ്രദീപ്‌ ചൊക്ലി, കബിത മുഖോപാധ്യായ, രാംദാസ്‌ വടകര, കൃഷ്‌ണൻ ബ്രോസ്‌, രാമചന്ദ്രൻ, കലേഷ്‌ കെ ദാസ്‌, കൽഹാർ കെ ദാസ്‌ എന്നിവർ സാന്നിധ്യം അറിയിച്ചു.
പി കെ കൃഷ്‌ണദാസ്‌, മകൾ പാർവണ തുടങ്ങിയവർ കവിതകൾ ആലപിച്ചു.  സുനിൽ കോട്ടേമ്പ്രത്തിന്റെ കലാവിരുന്നുമുണ്ടായി. വി കെ ഷാജി പാലക്കാട്‌ രചനയും സംവിധാനവും നിർവഹിച്ച കനൽവഴികൾ താണ്ടി എന്ന സംഗീത ശിൽപ്പം പുരോഗമന കലാ സാഹിത്യ സംഘം നേതൃത്വത്തിൽ അവതരിപ്പിച്ചു. കേളു ഏട്ടൻ പഠന കേന്ദ്രം ഡയരക്ടർ  കെ ടി കുഞ്ഞിക്കണ്ണൻ സ്വാഗതം പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *