KOYILANDY DIARY

The Perfect News Portal

കപ്പലിലേക്ക് ജോലി വാഗ്ദാനം നല്‍കി പണം തട്ടാന്‍ ശ്രമിച്ച വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്‍സിയിലെ ഒരാള്‍ അറസ്റ്റില്‍

കൊയിലാണ്ടി : വ്യാജ റിക്രൂട്ടിംങ് ഏജന്‍സി നടത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാളെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. കൊയിലാണ്ടി ഡ്രീംസ് ഹൗസില്‍ വിജിത്തിനെയാണ് അറസ്റ്റ് ചെയ്തത് ഇയാള്‍ക്കെതിരെ വഞ്ചനാ കുറ്റത്തിനാണ് കേസെടുത്തതെന്ന് സി. ഐ. ആര്‍. ഹരിദാസ് പറഞ്ഞു. കീഴരിയൂര്‍ സ്വദേശി പുളിയത്തിങ്കല്‍ സുരേന്ദ്രന്റെ പരാതി പ്രകാരമാണ് കൊയിലാണ്ടി പോലീസ് അന്വേഷണം നടത്തിയത്. ഓസ്‌ട്രേലിയയിലേക്ക് ജീവനക്കാരെ ആവശ്യമുണ്ടെന്ന് മകന്റെ സുഹൃത്ത് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇവരുമായി ബന്ധപ്പെട്ടത്. ജോലിയ്ക്ക് 2 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നത്. എന്നാല്‍ ഷിപ്പിംങ് കമ്പനിയെക്കുറിച്ച് ഇയാള്‍ ഒന്നും പറഞ്ഞില്ല. മാത്രമല്ല ചില മോഹന വാഗ്ദാനങ്ങള്‍ നല്‍കി. സംശയം തോന്നിയ സുരേന്ദ്രന്‍ ഇന്റര്‍നെറ്റ് മുഖേന സര്‍ച്ച് ചെയ്യുകയായിരുന്നു. പി.&ഒ എന്ന ഇന്റെര്‍നാഷണല്‍ കമ്പനിയില്‍ അന്വേഷിച്ചപ്പോള്‍ അവര്‍ ഏജന്‍സിയെ നിയമിക്കാറില്ലെന്നും നേരിട്ട് അലോട്ട്‌മെന്റ് നടത്തുകയാണെന്നും അറിയിക്കുകയായിരുന്നു. ഇതിനിടയില്‍ ഷിപ്പിങ്ങിലേക്ക് കയറുന്നതിന്റെ ആദ്യഘട്ടത്തില്‍ ബാംഗ്ലൂരില്‍ വച്ച് നടക്കുന്ന ഇന്റര്‍വ്യൂവില്‍ ഹാജരാകാന്‍ 25000 രൂപ നല്‍കണമെന്ന് പറഞ്ഞു. കര്‍ണ്ണാടകത്തിലെ വയോജര്‍ കമ്പനിയില്‍ എത്താനാണ് പറഞ്ഞത്. സംശയം തോന്നിയ സുരേന്ദ്രന്‍ എസ്.പി.ക്ക് പരാതി നല്‍കുകയും ഷാഡോ പോലീസ് സംഘവുമായി എത്തുകയും രണ്ടുപേര്‍ക്കുളള 50,000 രൂപ കൈമാറുന്നതിനിടയില്‍ പോലീസ് പിടികൂടുകയായിരുന്നു. ഇങ്ങനെ അന്‍പതോളം ആളുകളില്‍ നിന്ന് പണം തട്ടിപ്പറിക്കാനുളള ശ്രമമാണ് പോലീസിന്റെ ഇടപെടല്‍ മൂലം ഇല്ലാതായത്. പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. അയാളുടെ ബന്ധുക്കളെപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്.