കണ്‍സ്യൂമര്‍ഫെഡ് വിഷയത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍
തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡ് വിഷയത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍. പുതിയത് എന്ന പേരില്‍ തച്ചങ്കരി നല്‍കുന്നത് വിജിലന്‍സിന് നേരത്തെ നല്‍കിയ രേഖകളാണ്. തച്ചങ്കരിക്ക് ഒപ്പമുള്ള ജീവനക്കാര്‍ ശിക്ഷാ നടപടികള്‍ നേരിട്ടവരാണെന്നും സിഎന്‍ ബാലകൃഷ്ണന്‍ പറഞ്ഞു.
കണ്‍സ്യൂമര്‍ ഫെഡിലെ അഴിമതിക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്നാണ് മന്ത്രിസഭാ യോഗം തച്ചങ്കരിയെ മാറ്റാന്‍ തീരുമാനിച്ചതെന്നും വകുപ്പ് മന്ത്രിയുടെ അനിഷ്ടത്തിന് ഇരയായതാണ് തച്ചങ്കരിയ്ക്ക് വിനയായതെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. തച്ചങ്കരിയ്ക്ക് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി പുതിയ നിയമനം നല്‍കുകയായിരുന്നു. എസ് രത്‌നകുമാറാണ് കണ്‍സ്യൂമര്‍ഫെഡിന്റെ പുതിയ മാനേജിംഗ് ഡയറക്ടര്‍.

അതേസമയം ടോമിന്‍ ജെ തച്ചങ്കരി ഇന്നും കണ്‍സ്യൂമര്‍ഫെഡ് ഷോറൂമില്‍ എത്തിയിരുന്നു. തിരുവനന്തപരും സ്റ്റാച്യുവിലെ ഷോറൂമില്‍ വൈകിട്ട് 7 മണിക്കെത്തിയ തച്ചങ്കരി ഒരു മണിക്കൂറോളം ജീവനക്കാരൊടൊപ്പം ചെലവഴിച്ചു. തിങ്കളാഴ്ച വരെ താനാണ് കണ്‍സ്യൂമര്‍ഫെഡ് എംഡിയെന്ന് തച്ചങ്കരി അവകാശപ്പെട്ടു.

