KOYILANDY DIARY

The Perfect News Portal

കണ്ണൂര്‍ മെഡിക്കല്‍ കോളജ് മലപ്പുറത്തേക്ക് മാറ്റാനൊരുങ്ങി കോളേജ് മാനേജ്മെന്റ്

കൊച്ചി: സിഐടിയു സമരത്തെ തുടര്‍ന്ന് അഞ്ചരക്കണ്ടിയിലുള്ള കണ്ണൂര്‍ മെഡിക്കല്‍ കോളജ് മലപ്പുറത്തേക്ക് മാറ്റാനൊരുങ്ങുകയാണെന്ന് കോളേജ് മാനേജ്മെന്റ്. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് മെഡിക്കല്‍ കോളജ് മാനേജ്മെന്റ് ഇക്കാര്യം അറിയിച്ചത്.

കോളേജിനെതിരെ സിഐടിയു നടത്തുന്ന സമരത്തെത്തുടര്‍ന്ന് പ്രവര്‍ത്തനം സുഗമമായി നടത്താന്‍ സാധിക്കുന്നില്ലെന്നും അതിനാല്‍ മലപ്പുറത്തേക്ക് കോളജ് മാറ്റാന്‍ ആലോചിക്കുകയാണെന്നുമാണ് മാനേജ്മെന്റ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് വിവിധ കോഴ്സുകളിലായി ഇവിടെ പഠിക്കുന്നത്. പുതിയതായി നിരവധി വിദ്യാര്‍ഥികള്‍ പ്രവേശനം തേടിയിട്ടുമുണ്ട്. എന്നാല്‍ സമരം മൂലം കോളജിന് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല.

മലപ്പുറത്തേക്ക് കോളജ്  മാറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും മലപ്പുറത്തേക്ക് പൂര്‍ണമായും മാറുന്നതിന് ഒരുവര്‍ഷം സമയം വേണ്ടിവരുമെന്നും മാനേജ്മെന്റ് സത്യവാങ്മൂലത്തില്‍ പറയുന്നു. അതുവരെ കോളജിന് സുരക്ഷ ഒരുക്കാന്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്നും മാനേജ്മെന്റ് ഹൈക്കോടതിയോട് അഭ്യര്‍ഥിച്ചു.

Advertisements

വിവിധ തൊഴില്‍ പ്രശ്നങ്ങളുന്നയിച്ച്‌ കഴിഞ്ഞ മാസം 13 മുതല്‍ സിഐടിയു മെഡിക്കല്‍ കോളജില്‍ സമരം നടത്തുകയാണ്. ഇതേത്തുടര്‍ന്ന് ആസ്പത്രിയുടെയും മെഡിക്കല്‍ കോളജിന്റെയും പ്രവര്‍ത്തനം നിലച്ച അവസ്ഥയിലാണ്.

ആസ്പത്രി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ക്യാമ്പസിലേക്ക് പ്രവേശിക്കാനാകാത്ത അവസസ്ഥയാണുള്ളതെന്ന് കോളജ് അധികൃതര്‍ പറയുന്നു. പോലീസ് സംരക്ഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ടെങ്കിലും ഇവര്‍ സമരക്കാരെ സഹായിക്കുകയാണെന്നും മാനേജ്മെന്റ് ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *