KOYILANDY DIARY

The Perfect News Portal

കെ.പി.സി.സി. മുന്‍ ജനറല്‍ സെക്രട്ടറി ടി. സിദ്ദീഖ് ഭൂമി ഇടപാടിൽ കോടികൾ തട്ടിയെടുത്തു

കോഴിക്കോട്:  റിട്ടയേഡ് മജിസ്ട്രേറ്റിന്റെ സ്വത്തുതര്‍ക്കം തീര്‍ക്കാന്‍ ഇടപെട്ട കോണ്‍ഗ്രസ് നേതാക്കള്‍ വന്‍തുകയും ഭൂമിയും തട്ടിയെടുത്തു. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി ടി സിദ്ദിഖ് അടക്കമുള്ളവര്‍ക്കെതിരെയാണ് ആരോപണം. ഇതുസംബന്ധിച്ച പരാതി കോണ്‍ഗ്രസ് നേതൃത്വം പൂഴ്‌ത്തി. സ്വത്ത് തര്‍ക്കം തീര്‍ക്കാന്‍ മൂന്ന് കോടി രൂപയും കൈക്കലാക്കിയിട്ടുണ്ട്.

താമരശേരി ചുങ്കം ചെക്ക്പോസ്റ്റിനടുത്ത്  പരേതനായ കാവില്‍ അബ്രഹാംലിങ്കന്റെ ഉടമസ്ഥതയിലുള്ള 22 ഏക്കര്‍ ഭൂമിയില്‍ ഒരേക്കര്‍ കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി ടി സിദ്ദിഖ്, കെപിസിസി അംഗം എന്‍ കെ അബ്ദുറഹ്മാന്‍, കോഴിക്കോട് ഡിസിസി സെക്രട്ടറി ഹബീബ്തമ്പി എന്നിവര്‍ കൈക്കലാക്കിയതായാണ് പരാതി. താമരശേരിയിലെയും കട്ടിപ്പാറയിലെയും കോണ്‍ഗ്രസ് മണ്ഡലം, വാര്‍ഡ് ഭാരവാഹികളായ ചിലരാണ് നേതൃത്വത്തിന് പരാതി നല്‍കിയത്. ഒരുമാസം മുമ്പ് നല്‍കിയ പരാതിയുടെ പകര്‍പ്പ് ദേശാഭിമാനിക്കടക്കം ലഭിച്ചിട്ടുണ്ട്.

മക്കളില്ലാതെ മരിച്ചതിനെ തുടര്‍ന്ന് സ്വത്തിനെച്ചൊല്ലി തര്‍ക്കമുയര്‍ന്നതിനാല്‍ മധ്യസ്ഥത്തിനായി ഇടപെട്ടതായിരുന്നു ഇവര്‍. ഇതിന്റെ ഭാഗമായി കഴിഞ്ഞവര്‍ഷം സെപ്തംബര്‍ 22–ന് താമരശേരി സബ്രജിസ്ട്രാര്‍ ഓഫീസില്‍ മൂന്നുനേതാക്കളുടെ പേരിലുമായി ഒരേക്കര്‍ ഭൂമി രജസ്റ്റര്‍ ചെയ്തു നല്‍കി. തട്ടിപ്പ് സംബന്ധിച്ച് താമരശേരിയിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ കെപിസിസി പ്രസിഡന്റിനും ഡിസിസി പ്രസിഡന്റിനും മറ്റ് പ്രമുഖ നേതാക്കള്‍ക്കും പരാതി നല്‍കി. അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിട്ടുള്ളത്.  തുടര്‍ന്ന് പ്രവര്‍ത്തകരില്‍ ചിലര്‍ വിജിലന്‍സിനെ സമീപിച്ചതായും വിവരമുണ്ട്.

Advertisements

കോഴിക്കോട് ഡിസിസി മുന്‍ സെക്രട്ടറിയും താമരശേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ശോശാമ്മ എബ്രഹാമിന്റെ മകനാണ് അബ്രഹാംലിങ്കന്‍. കാന്‍സര്‍ബാധിച്ചു മരിച്ച മജിസ്ട്രേറ്റ് അബ്രഹാംലിങ്കന് മക്കളില്ലായിരുന്നു. ഭാര്യ മരിച്ച ഇദ്ദേഹത്തെ ഭാര്യാസഹോദരി ജീന്‍ അര്‍ജുന്‍കുമാറാണ് അവസാനവേളയില്‍ പരിചരിച്ചിരുന്നത്. തന്റെ പേരിലുള്ള 22.44 ഏക്കര്‍ ഭൂമി ഉപയോഗിച്ച് മരണശേഷം കാന്‍സര്‍രോഗികളെ സഹായിക്കാനായി ട്രസ്റ്റ് രൂപീകരിക്കണമെന്ന് ജീനിന്റെ പേരില്‍ ഒസ്യത്ത് എഴുതിവെച്ചിരുന്നത്രെ.എന്നാല്‍ അബ്രഹാംലിങ്കന്റെ   മരണശേഷം സഹോദരന്‍ ഫിലോമെന്‍ അബ്രഹാം ഈ ഭൂമിയില്‍ കൃഷി ആരംഭിച്ചതായാണ് പരാതി. ഇതിനെ ജീന്‍ അര്‍ജുന്‍കുമാര്‍  എതിര്‍ത്തു.ഈ സമയത്താണ് പ്രശ്നം തീര്‍ക്കാമെന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെടുന്നത്.

ഉമ്മന്‍ചാണ്ടി ഭരണത്തിന്റെ സ്വാധീനവും സമ്മര്‍ദവും ഭീഷണിയുമെല്ലാമായി നേതാക്കള്‍ ഒത്തുതീര്‍പ്പുണ്ടാക്കിച്ചു. താമരശേരി  ഡിവൈഎസ്പി, സിഐ എന്നീ പൊലീസുദ്യോഗസ്ഥരെ ഉപയോഗിച്ചായിരുന്നു ഭീഷണിയും പ്രലോഭനവുമെല്ലാം. പ്രശ്നപരിഹാരത്തിന് ഇവര്‍ വന്‍തുക ആവശ്യപ്പെട്ടു. ഒന്നരക്കോടി രൂപയാണ് ആവശ്യപ്പെട്ടത്്. ഒടുവില്‍ മൂവരും 1.30 കോടി രൂപ വീതം കൈപ്പറ്റിയതായി പരാതിയില്‍ പറയുന്നു. നേതാക്കള്‍ക്ക് പണം നല്‍കാനായി കോണ്‍ഗ്രസ്  നിയന്ത്രണത്തിലുള്ള  സഹകരണബാങ്കില്‍ നിന്ന് മൂന്നുകോടി രൂപ വായ്പ അനുവദിച്ചതായും പറയുന്നു.  ഈ തുകയാണ് മൂവരും വീതിച്ചെടുത്തത്. ബാക്കി 90 ലക്ഷം രൂപക്കായി  സ്വത്തില്‍ നിന്ന് ഒരേക്കര്‍ അഞ്ച്സെന്റ് രജിസ്റ്റര്‍ ചെയ്ത് മൂന്നുപേരും സ്വന്തമാക്കി.

ഫോട്ടോയുള്‍പ്പെടെ താമരശേരി സബ്രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ചെയ്ത  ആധാരത്തില്‍ പൊതുപ്രവര്‍ത്തകരെന്നാണ് ടി സിദ്ദിഖ്, എന്‍ കെ അബ്ദുറഹ്മാന്‍ , എന്നിവരെ വിശേഷിപ്പിച്ചിട്ടുള്ളത്. പി സി ഹബീബ്തമ്പി കൃഷിക്കാരനും.  ഇതിനായി ഫെയര്‍വില പ്രകാരം 4,58,300 രൂപ ഭൂമിവിലയും കാണിച്ചിട്ടുണ്ട്. തര്‍ക്കത്തില്‍ കക്ഷിയായിരുന്ന എടക്കാട് സായിറാം വീട്ടില്‍ ജീന്‍അര്‍ജുന്‍കുമാറാണ് ആധാരത്തില്‍ ഒന്നാം സാക്ഷിയായി ഒപ്പിട്ടരിക്കുന്നത്. അതേസമയം വിഷയത്തില്‍ ഇടപെട്ടതിന് കോണ്‍ഗ്രസിന് ഓഫീസ് പണിയാന്‍ നല്‍കിയ ഭൂമിയടക്കം നേതാക്കള്‍ സ്വന്തമാക്കിയതായും പ്രവര്‍ത്തകര്‍ പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ ഉള്‍പ്പെട്ട ടി സിദ്ദിഖ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനാണ്. ഈ വിഷയം  കോണ്‍ഗ്രസ് നേതൃത്വം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരെ പരാതി നല്‍കിയവര്‍ അടുത്തദിവസം നേരില്‍ കാണുമെന്നറിയുന്നു.

Leave a Reply

Your email address will not be published. Required fields are marked *