KOYILANDY DIARY

The Perfect News Portal

കണ്ണൂര്‍ ഗവ. നേഴ്സിങ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ: 15 വിദ്യാര്‍ഥിനികള്‍ ആശുപത്രിയില്‍

കണ്ണൂര്‍ > കണ്ണൂര്‍ ഗവ. നേഴ്സിങ് സ്കൂള്‍ ഹോസ്റ്റലില്‍  ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 15  വിദ്യാര്‍ഥിനികളെ  ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  തലവേദന, ഛര്‍ദി, വയറുവേദന, വയറിളക്കം തുടങ്ങിയവ അനുഭവപ്പെട്ട വിദ്യാര്‍ഥികളെ  ചൊവ്വാഴ്ച രാവിലെ പത്തോടെയാണ്  ആശുപത്രിയിലെത്തിച്ചത്.  നേഴ്സിങ് സ്കൂള്‍ വിദ്യാര്‍ഥിനികളായ  രസ്ന (18), റജീന (18),  രാഖി (18), കീര്‍ത്തന (18), ആതിര (18), അഞ്ജന (18), അനുശ്രീ (18), അയന (18), പ്രിയങ്ക (17), ആതിര (17), ആതിര (17), കീര്‍ത്തന (17), അനുശ്രീ (19), നിത്യ (17), ജിഷ (19) തുടങ്ങിയവരാണ് ചികിത്സയിലുള്ളത്. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നേഴ്സിങ് ഹോസ്റ്റലിലെ ഭക്ഷണത്തില്‍നിന്നാണ് വിഷബാധയുണ്ടായതെന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പി കെ ബേബി  പറഞ്ഞു. വീട്ടില്‍ പോയി തിരിച്ചുവന്ന വിദ്യാര്‍ഥിനികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഒരു വിദ്യാര്‍ഥിനി വീട്ടില്‍നിന്ന് കൊണ്ടുവന്ന ഭക്ഷണം പങ്കിട്ടു കഴിച്ചവര്‍ക്കാണ് വിഷബാധയുണ്ടായതെന്ന് സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു. ദേഹാസ്വാസ്ഥ്യം കാരണം സ്പോര്‍ട്സ് സ്കൂളിലെ മൂന്ന് വിദ്യാര്‍ഥിനികളെകൂടി  ചൊവ്വാഴ്ച ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച സ്പോര്‍ട്സ് ഹോസ്റ്റലിലെ 22 വിദ്യാര്‍ഥിനികളെയാണ് രോഗബാധയെ തുടര്‍ന്ന് ഇവിടെ പ്രവേശിപ്പിച്ചത്.