KOYILANDY DIARY

The Perfect News Portal

കടുവകളുടെ അക്രമം വയനാടിനെ ഭീതിയിലാഴ്ത്തുന്നു

ബത്തേരി > കടുവകള്‍ കാടിറങ്ങുന്നത് വനാതിര്‍ത്തി ഗ്രാമങ്ങളെ വീണ്ടും ഭീതിയിലാക്കുന്നു. വയനാട് വന്യജീവി കേന്ദ്രത്തോട് ചേര്‍ന്ന ഗ്രാമങ്ങളിലെ ജനങ്ങളാണ് നാട്ടിലിറങ്ങുന്ന കടുവകളെ പേടിച്ച് കഴിയുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ജില്ലയില്‍ കടുവകളുടെ നൂറോളം ആക്രമണങ്ങളാണ് റിപ്പോര്‍ട് ചെയ്യപ്പെട്ടത്. ഇതില്‍ 60ല്‍ അധികം വളര്‍ത്തുമൃഗങ്ങളും രണ്ട് ഗ്രാമീണരും കൊല്ലപ്പെട്ടു. തഹസില്‍ദാര്‍ ഉള്‍പ്പെടെ 20ല്‍ ഏറെ പേര്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും ചെയ്തു. 2010 മുതലാണ് കടുവകള്‍ നാട്ടിലിറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊല്ലുന്ന സംഭവങ്ങള്‍ ജില്ലയില്‍ വര്‍ധിച്ചത്. എല്ലാ വര്‍ഷവും നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളിലാണ് കടുവകളുടെ ആക്രമണം കൂടുതലുള്ളത്. 2012 ജനുവരി, ഫെബ്രുവരി മാസങ്ങളിലായിരുന്നു ഏറ്റവും കൂടുതല്‍ കടുവ ആക്രമണങ്ങളുണ്ടായത്. നൂല്‍പ്പുഴ പഞ്ചായത്തിലെ നായ്ക്കട്ടിയിലും പരിസരത്തും രണ്ടാഴ്ചയിലേറെ ജനവാസ കേന്ദ്രങ്ങളില്‍ തങ്ങിയ കടുവ 30ല്‍ അധികം വളര്‍ത്തുമൃഗങ്ങളെയാണ് കൊന്നൊടുക്കിയത്. കടുവ ആക്രമണത്തിനെതിരെ നാട്ടുകാര്‍ ഒന്നടങ്കം നടത്തിയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ദിവസങ്ങളോളം ബത്തേരി– മൈസൂരു റൂട്ടില്‍ വാഹന ഗതാഗതം പോലും മുടങ്ങിയിരുന്നു. നാട്ടിലിറങ്ങി ഭീതിവിതച്ച കടുവയെ പിന്നീട് കേരള– തമിഴ്നാട് വനപാലകര്‍ വെടിവച്ച് കൊന്നു. പിന്നീട് എല്ലാ വര്‍ഷവും കടുവകളുടെ ആക്രമണങ്ങള്‍ പതിവാവുകയായിരുന്നു. ഓടപ്പള്ളം, മൂടക്കൊല്ലി, ഇരുളം, നൂല്‍പ്പുഴ, കുറിച്ച്യാട് പ്രദേശങ്ങളിലാണ് കടുവ ആക്രമണം കൂടുതലായി അനുഭവപ്പെട്ടത്. നൂല്‍പ്പുഴയിലെ സുന്ദരത്ത് ഭാസ്ക്കരന്‍ (62) കുറിച്ച്യാട്ടെ ബാബുരാജ് (26) എന്നിവരാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍. വീടുകള്‍ക്ക് സമീപത്തെ വനാതിര്‍ത്തികളില്‍നിന്നും പിടികൂടിയ ഇരുവരുടെയും ശരീരം ഏതാണ്ട് മുഴുവനായും കടുവകള്‍ ഭക്ഷിച്ച നിലയിലായിരുന്നു. നൂല്‍പ്പുഴക്കടുത്ത് തമിഴ്നാട് അതിര്‍ത്തിയില്‍ തേയിലത്തോട്ടത്തില്‍ കൊളുന്ത് നുള്ളിയ മഹാലക്ഷ്മി(24)യെയും കടുവ കൊന്നു. നാട്ടിലിറങ്ങി ഭീതിവിതച്ച കടുവകള്‍ പ്രയാധിക്യവും രോഗങ്ങളും നിമിത്തം അവശതയുള്ളവയാണെന്നായിരുന്നു വനംവകുപ്പിന്റെ വിശദീകരണം. മയക്കുവെടിവച്ച് പിടികൂടാന്‍ ശ്രമിക്കവെ രണ്ട് കടുവകള്‍ ചത്തിരുന്നു. പിടികൂടിയ  മൂന്ന് കടുവകള്‍ ഇപ്പോള്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ മൃഗശാലകളിലുണ്ട്. ഏറ്റവും ഒടുവില്‍ ബത്തേരിക്കടുത്ത കുപ്പാടി, വടക്കനാട്  പ്രദേശത്താണ് കടുവകള്‍ നാട്ടിലിറങ്ങി നാട്ടുകാരെ ഭീതിയിലാക്കിയത്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ഏഴു കന്നുകാലികളെയാണ് കടുവകള്‍ വകവരുത്തിയത്.