KOYILANDY DIARY

The Perfect News Portal

കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ സിബിഐയുടെ കുറ്റപത്രം പ്രത്യേക കോടതി തിരിച്ചയച്ചു

തിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ സിബിഐയുടെ കുറ്റപത്രം പ്രത്യേക കോടതി തിരിച്ചയച്ചു.മുന്‍ മുഖ്യമന്ത്രി  ഉമ്മന്‍ചാിയുടെ മുന്‍ഗണ്‍മാന്‍ സലീംരാജ് ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കിയത് ചൂണ്ടിക്കാട്ടിയാണ് സിബിഐ പ്രത്യേക കോടതി കുറ്റപത്രം തിരിച്ചയച്ചത്.14 കോടിയുടെ തട്ടിപ്പ് നടന്നുവെന്ന്  സിബിഐ തന്നെ കണ്ടെത്തിയ കേസാണിത്.

സലീംരാജിനെ ഒഴിവാക്കിയത് എന്തിനാണെന്നും 27 പേരുണ്ടായിരുന്ന പ്രതിപ്പട്ടിക എന്തുകൊണ്ട് അഞ്ചു പേരായി ചുരുങ്ങിയെന്നും കോടതി ചോദിച്ചു. എഫ്ഐആറില്‍ പേരു ചേര്‍ക്കപ്പെട്ട 22 പേരെ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയതിന്റെ കാരണങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. ഇതെല്ലാം ഉള്‍പ്പെടുത്തി കുറ്റപത്രം പുതിയത് സമര്‍പ്പിക്കണമെന്നും സിബിഐ പ്രത്യേക കോടതി ജഡ്ജി പി വി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. സലിം രാജിന്റെ ഭാര്യയും റവന്യും ഉദ്യോഗസ്ഥയും കേസില്‍ 22ാം പ്രതിയുമായിരുന്ന ഷംസാദിനെയും കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കേസില്‍ ആകെ അഞ്ചു പ്രതികള്‍ മാത്രമാണ് സിബിഐയുടെ കുറ്റപത്രത്തില്‍ ഉള്ളത്. നിസാര്‍ അഹമ്മദ്, സുഹറ ബീവി, മുഹമ്മദ് കാസിം, റുഖിയ ബീവി, മുന്‍ വില്ലേജ് ഓഫീസര്‍ വിദ്യോദയ കുമാര്‍ എന്നിവരാണ് പ്രതിപട്ടികയിലുള്ളത്. റവന്യൂ അധികാരികളില്‍ പ്രതിപട്ടികയില്‍ ഉണ്ടായിരുന്നത്.

Advertisements

കടകംപള്ളി വില്ലേജിലെ 170 പേരുടെ 45.50 ഏക്കര്‍ ഭൂമി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജരേഖയുാക്കി തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നതാണ് കേസ്. കേസിലെ 21, 22 പ്രതികളായിരുന്നു സലിംരാജും ഭാര്യ ഷംസാദും.

ആദ്യം വിജിലന്‍സാണ് കേസന്വേഷിച്ചത്. പിന്നീട് കേസ് സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ കഴിഞ്ഞവര്‍ഷം സലീംരാജ് ഉള്‍പ്പെടെ 10 പേരെ അറസ്റ്റുചെയ്തിരുന്നു. പിന്നീട് ഇവര്‍ ജാമ്യം നേടുകയായിരുന്നു.