കക്കയത്ത് മലമാനിനെ കൊന്ന് അവശിഷ്ടം ഉപേക്ഷിച്ച നിലയില്‍

പേരാമ്പ്ര: കക്കയം കെ.എസ്.ഇ.ബി. കോളനി സ്കൂള്‍ഗ്രൗണ്ടിനു സമീപം മലമാനിനെ കൊന്ന് ഇറച്ചി എടുത്തശേഷം അവശിഷ്ടങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കാലുകളും എല്ലിന് കഷ്ണങ്ങളും തലയോട്ടിയും തോലുമാണു കണ്ടെത്തിയത്.
ഇവയ്ക്ക് മൂന്നുദിവസത്തോളം പഴക്കമുണ്ട്. കഴിഞ്ഞ ദിവസം കാട്ടുപോത്തിന്റേതെന്നു സംശയിക്കുന്ന ഇറച്ചി പിടികൂടിയ മരുതോലി ബേബിയുടെ വീട്ടില്‍ നിന്ന് 500 മീറ്റര്‍ അകലെയാണു മലമാനിന്റെ അവശിഷ്ടങ്ങള്‍ കാണപ്പെട്ടത്. കൂരാച്ചുണ്ട് മൃഗാശുപത്രിയിലെ വെറ്ററിനറി സര്ജന് ഡോ. സുരേഷ് പോസ്റ്റുമോര്‍ട്ടം നടത്തി. ബേബിയുടെ വീട്ടില്‍ നിന്നും കാട്ടുമൃഗത്തിന്റെ ഇറച്ചി കണ്ടെടുത്തതിനെത്തുടര്ന്നു വനംവകുപ്പ് അധികൃതര്‍ കക്കയം വനമേഖലയില്‍ കഴിഞ്ഞ രണ്ടു ദിവസമായി അവശിഷ്ടങ്ങള്‍ക്കായി തിരച്ചില്‍ നടത്തിവരികയായിരുന്നു. ഇതിനിടയിലാണു മലമാനിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത്.

നേരത്തെ പിടികൂടിയ ഇറച്ചിയുടെ സാമ്പിള്‍ ഡി.എന്‍.എ. പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും ഇതിന്റെ പരിശോധനാ റിപ്പോര്‍ട്ട് കിട്ടിയാലെ ബേബിയുടെ വീട്ടില്‍നിന്ന് പിടികൂടിയ ഇറച്ചി പോത്തിന്റേതാണൊ ഇപ്പോള്‍ കണ്ടെടുത്ത മലമാനിന്റേതാണോ എന്നു സ്ഥിരീകരിക്കാന്‍ കഴിയൂവെന്നു പെരുവണ്ണാമൂഴി റെയ്ഞ്ച് ഓഫീസര്‍ ബി.ആര്. റുബിന്‍ പറഞ്ഞു.

