KOYILANDY DIARY.COM

The Perfect News Portal

ഓട്ടോ ഇടിച്ച്‌ കാല്‍നട യാത്രികന് ദാരുണാന്ത്യം

ചേര്‍ത്തല: പോലീസുകാരന്‍ ഓടിച്ച ഓട്ടോ ഇടിച്ച്‌ കാല്‍നട യാത്രികന് ദാരുണാന്ത്യം. ഇടിച്ചത് വാഹന പരിശോധനയ്ക്കിടെ ഡ്രൈവര്‍ മദ്യപിച്ചെന്ന് കണ്ടതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ഓട്ടോ പോലീസുകാരന്‍ ഓടിച്ച്‌ സ്റ്റേഷനിലേക്ക് കൊണ്ടുപോകവേ. ചേര്‍ത്തല നഗരസഭയിലെ കടവില്‍ നികര്‍ത്തില്‍ പരേതനായ ഷണ്മുഖന്റെ മകന്‍ ശങ്കര്‍ (35) ആണ് മരിച്ചത്.

വയലാര്‍ പാലത്തിനു സമീപം ഞായറാഴ്ച വൈകിട്ട് 5.40മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ ശങ്കറിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ചികിത്സയ്ക്കിടെ തിങ്കളാഴ്ച രാവിലെ 10.45 മണിയോടെ മരണം സംഭവിച്ചു.

ഓട്ടോ ഓടിച്ച എ.ആര്‍ ക്യാമ്ബിലെ സിവില്‍ പോലീസ് ഓഫീസര്‍ കളവംകോടം സ്വദേശി എം.ആര്‍. രജീഷിനെതിരെ (39) വാഹനം അലക്ഷ്യമായി ഓടിച്ച്‌ അപകടമരണം ഉണ്ടാക്കിയതിന് കേസെടുത്തിട്ടുണ്ടെന്ന് ഡിവൈ.എസ്.പി എ.ജി. ലാല്‍ പറഞ്ഞു.

Advertisements

അതേസമയം രജീഷിന് മുച്ചക്ര വാഹനം ഓടിക്കാനുള്ള ലൈസന്‍സ് ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. ചേര്‍ത്തല സി.ഐ വി.പി. മോഹന്‍ലാലിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സംഭവത്തില്‍ ദക്ഷിണമേഖല ഐ.ജി അടിയന്തര റിപ്പോര്‍ട്ട് തേടി. മെഡിക്കല്‍ പരിശോധനയില്‍ ഓട്ടോ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തി.

രജീഷും എ.എസ്.ഐ കെ.എം. ജോസഫും വയലാര്‍ രക്തസാക്ഷി മണ്ഡപത്തിന് സമീപം വാഹന പരിശോധന നടത്തുമ്ബോഴാണ് അതുവഴി ഓട്ടോ ഓടിച്ചെത്തിയ ആലപ്പുഴ അവലൂക്കുന്നു സ്വദേശി മനോജിനെ പിടികൂടിയത്. എന്നാല്‍ ബ്രീത്ത് അനലൈസര്‍ കേടായതിനാല്‍ പരിശോധന നടന്നില്ല.

തുടര്‍ന്ന് മനോജിനെയും കൂടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥിയെയും പിന്നിലിരുത്തി രജീഷ് ഓട്ടോ സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്ബോള്‍ നടന്നു പോകുകയായിരുന്ന ശങ്കറിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയെ തുടര്‍ന്ന് നിയന്ത്രണം വിട്ട് സമീപത്തെ കടയുടെ ബോര്‍ഡും തകര്‍ത്ത് മരത്തില്‍ ഇടിച്ചശേഷമാണ് ഓട്ടോ നിന്നത്.

ഗുരുതരമായി പരിക്കേറ്റ ശങ്കറിനെ പിന്നാലെ വന്ന പെട്ടി ഓട്ടോയില്‍ കയറ്റിയാണ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് മെഡി. കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അപകട ശേഷം ഓട്ടോ സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ പോലീസെത്തിയപ്പോള്‍ നാട്ടുകാര്‍ പ്രതിഷേധിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി. അവിവാഹിതനായ ശങ്കര്‍ കൂലിപ്പണിക്കാരനാണ്. അമ്മ: ഓമന. സഹോദരങ്ങള്‍: കവിരാജ്, പുഷ്പന്‍.

Share news

Leave a Reply

Your email address will not be published. Required fields are marked *