KOYILANDY DIARY.COM

The Perfect News Portal

ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസ്; മകനെ സംരക്ഷിക്കില്ലെന്ന് റോഷന്‍റെ അച്ഛന്‍

കൊല്ലം: മകനെ സംരക്ഷിക്കില്ലെന്ന് ഓച്ചിറയില്‍ 13 വയസുകാരിയെ തട്ടിക്കൊണ്ട് പോയ റോഷന്‍റെ അച്ഛനും സിപിഐ ബ്രാഞ്ച് സെക്രട്ടറിയുമായ നവാസ്. മകന്‍ കുറ്റക്കാരാനാണെങ്കില്‍ ശിക്ഷിക്കണം. എന്നാല്‍ ചിലര്‍ ഇതിന്‍റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നെന്നും തെറ്റു ചെയ്തവര്‍ക്കൊപ്പം നില്‍ക്കില്ലെന്നും സിപിഐ ബ്രാഞ്ച് സെക്രട്ടറി പറഞ്ഞു.

ഓച്ചിറ സ്വദേശി റോഷനും സംഘവുമാണ് പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നത്. ഇയാള്‍ സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ മകനാണ്. ഓച്ചിറയില്‍ നിന്നും തട്ടിക്കൊണ്ട് പോയ രാജസ്ഥാന്‍ സ്വദേശികളുടെ മകളായ പതിമൂന്നുകാരിയുമായി പ്രതി ബെംഗളൂരുവിലേക്ക് കടന്നുവെന്ന് പൊലീസ് അറിയിച്ചിരുന്നു. കൂട്ടുപ്രതികള്‍ എറണാകുളം റെയില്‍വേ സ്റ്റേഷന്‍ വരെ അനുഗമിച്ചുവെന്നും പൊലീസ് പറഞ്ഞു. പ്രതി ബാംഗ്ലൂരിലേക്കുള്ള ട്രെയിന്‍ ടിക്കറ്റെടുത്തതിനുള്ള തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്.

വഴിയോരക്കച്ചവടക്കാരാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. നാട്ടില്‍ത്തന്നെയുള്ള ചിലര്‍ ഉപദ്രവിക്കാറുണ്ടെന്ന് അച്ഛനമ്മമാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചത്.

Advertisements

തിങ്കളാഴ്ചയാണ് പെണ്‍കുട്ടിയെ ഒരു സംഘം തട്ടിക്കൊണ്ട് പോയത്. രാവിലെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസുകാര്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയപ്പോഴാണ് അന്വേഷണം തന്നെ തുടങ്ങിയത്.

ഓച്ചിറ – വലിയകുളങ്ങര പ്രദേശത്താണ് ഇവര്‍ വഴിയോരക്കച്ചവടം നടത്തിയിരുന്നത്. ഒരു മാസമായി ഈ പ്രദേശത്ത് ഇവര്‍ കച്ചവടം നടത്തുകയാണ്. പ്ലാസ്റ്റര്‍ ഓഫ് പാരീസ് ഉപയോഗിച്ച്‌ വിഗ്രഹങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന കുടുംബമാണിത്. ഇന്നലെ രാത്രി 11 മണിക്ക് ഒരു സംഘമാളുകള്‍ ഇവര്‍ താമസിക്കുന്ന ഷെഡ്ഡില്‍ അതിക്രമിച്ച്‌ കയറി പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചു.

തടയാന്‍ ശ്രമിച്ചപ്പോള്‍ അച്ഛനമ്മമാരെ മര്‍ദ്ദിച്ച്‌ അവശരാക്കി വഴിയില്‍ത്തള്ളിയ ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. കൊല്ലം എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇന്നലെ രാത്രി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കായംകുളത്ത് നിന്നാണ് അക്രമികള്‍ സഞ്ചരിച്ച കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

Share news

Leave a Reply

Your email address will not be published. Required fields are marked *