KOYILANDY DIARY

The Perfect News Portal

ഒരു രൂപക്ക് ഒരു ലിറ്റര്‍ എന്ന തോതില്‍ കുടിവെള്ള വിതരണം പദ്ധതിയുമായി കുടുംബശ്രീ

കോഴിക്കോട്: നഗരത്തില്‍ ഒരു രൂപക്ക് ഒരു ലിറ്റര്‍ എന്ന തോതില്‍ കുടിവെള്ളം വിതരണം ചെയ്യാനുള്ള പദ്ധതിയുമായി കുടുംബശ്രീ. 50 മുതല്‍ 60 രൂപ വരെ ഈടാക്കി സ്വകാര്യ സ്ഥാപനങ്ങള്‍ 20 ലിറ്ററിന്‍െറ കാന്‍ വില്‍ക്കുന്ന മാതൃകയില്‍ 20 രൂപക്ക് 20 ലിറ്റര്‍ വെള്ളം എത്തിക്കാനാണ് കുടുംബശ്രീ പദ്ധതി തയാറാക്കിയത്. 20 ലിറ്റര്‍ ശുദ്ധജലത്തിന് 10 രൂപയേ ചെലവുവരൂ എന്നാണ് കുടുംബശ്രീയുടെ കണക്കുകൂട്ടല്‍. ഇത് 20 രൂപക്ക് ആവശ്യക്കാര്‍ക്ക് നഗരത്തിലെവിടെയും എത്തിക്കും. കുടുംബശ്രീ അംഗങ്ങള്‍ക്ക് സ്വയം തൊഴില്‍ എന്ന രൂപത്തില്‍കൂടിയാണ് പദ്ധതി വിഭാവനം ചെയ്തത്. കോര്‍പറേഷന്‍ കുടുംബശ്രീ സി.ഡി.എസ് നിര്‍വഹണ ഏജന്‍സിയായി, ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്ബനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക.

 ശുദ്ധജല വിതരണ പദ്ധതിയുടെ പ്രോജക്‌ട് റിപ്പോര്‍ട്ട് നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അംഗീകരിച്ചിട്ടുണ്ട്. വിഷയം ചൊവ്വാഴ്ചത്തെ കൗണ്‍സില്‍ യോഗം ചര്‍ച്ചചെയ്ത് ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്തി അംഗീകരിക്കുമെന്നാണ് സൂചന. പദ്ധതിക്ക് അംഗീകാരം ലഭിച്ചാല്‍ പെട്ടെന്നുതന്നെ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. കുടിവെള്ളക്ഷാമം രൂക്ഷമാവുകയും വന്‍വിലക്ക് സ്വകാര്യ വ്യക്തികള്‍ വേണ്ടത്ര ഗുണനിലവാരമില്ലാത്ത വെള്ളം നഗരത്തില്‍ വിതരണം ചെയ്യുന്ന സ്ഥിതിയുമുള്ള പശ്ചാത്തലത്തില്‍ പദ്ധതിക്ക് നഗരസഭ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ കൈക്കൊള്ളുമെന്നാണ് വിവരം.

നഗരസഭയുടെ അധീനതയിലുള്ള 100 സ്ക്വയര്‍ മീറ്റര്‍ സ്ഥലത്താണ് പദ്ധതിക്ക് ആവശ്യമായ കിണറും പ്ളാന്‍റും ഒരുക്കുക. നഗരസഭയുടെ പഴയ ഓഫിസ് കോമ്പൗണ്ട്, ഫ്രാന്‍സിസ് റോഡിലെ ടി.ബി ക്ളിനിക്, എരഞ്ഞിക്കല്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് എന്നിവിടങ്ങളാണ് പ്ളാന്‍റ് നിര്‍മിക്കുന്നതിനായി പരിഗണിക്കുന്നത്. ശുദ്ധീകരിച്ച വെള്ളത്തിന്‍െറ ഉല്‍പാദനവും വിതരണവും നടത്തുന്നതിനുള്ള എല്ലാവിധ പ്രവര്‍ത്തനവും കുടുംബശ്രീ വനിത അംഗങ്ങളെ സി.ഡി.എസ് മുഖേന കണ്ടത്തെും. ഇവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കിയാണ് സംരംഭകരാക്കി മാറ്റുക. കുടിവെള്ളം വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കാനുള്ള വാഹന സൗകര്യം കുടുംബശ്രീ മുഖേനെ ഒരുക്കും. നഗരസഭയിലെ സി.ഡി.എസ് ചെയര്‍മാന്മാരും ഉപസമിതി ചെയര്‍മാന്മാരും നഗരസഭ സ്ഥിരം സമിതി ചെയര്‍മാനും അടങ്ങിയ കമ്മിറ്റിയാണ് പദ്ധതി ഏകോപിപ്പിക്കുക.

Leave a Reply

Your email address will not be published. Required fields are marked *