KOYILANDY DIARY

The Perfect News Portal

ഒരു കോടി രൂപയുടെ നിരോധിച്ച നോട്ടുമായി അഞ്ച് പേർ അറസ്റ്റിൽ

കല്പറ്റ: പുല്പള്ളിയില്‍ ഒരു കോടി രൂപയുടെ നിരോധിച്ച നോട്ടുമായി അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അസാധുവായ നോട്ടുകള്‍ ഗള്‍ഫിലെത്തിച്ച്‌ എന്‍.ആര്‍.ഐ. അക്കൗണ്ടുകള്‍ വഴി മാറ്റിയെടുക്കാനായിരുന്നു പ്രതികളുടെ ശ്രമം. ഇതിനായി പഴയ നോട്ടുകള്‍ ഏജന്റിന് നല്‍കി പുതിയ നോട്ടുവാങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പോലീസിന്റെ പിടിയിലായത്.

കണ്ണൂര്‍ ഇരിട്ടി മുഴക്കുന്ന് സ്വദേശികളായ മിസ്നാസ് മഹസില്‍ റഫീഖ് (43), പൂങ്കാവനത്തില്‍ അബ്ദുള്‍ നാസര്‍ (50), പുല്പള്ളി അത്തിക്കുനി മരക്കംതൊടിയില്‍ നിഷാദ് (27), മുള്ളന്‍കൊല്ലി ഇടമല വിനോദ് നിലയത്തില്‍ രഞ്ജിത്ത് (വിനോദ്-43), അപ്പപാറ ദൊപ്പട്ട ഷെര്‍ളിന്‍ (മണി-45) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ഉപയോഗിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു.

ഒരാഴ്ച മുമ്പാണ് ജില്ലാ പോലീസ് മേധാവി ഡോ. അരുള്‍ ആര്‍.ബി. കൃഷ്ണയ്ക്ക് രഹസ്യവിവരം ലഭിച്ചത്. തുടര്‍ന്ന് മാനന്തവാടി ഡിവൈ.എസ്.പി. നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.

Advertisements

ഇതില്‍ റഫീഖ് ഒഴിച്ചുള്ള പ്രതികള്‍ നോട്ട് മാറ്റ കച്ചവടത്തിലെ ഇടനിലക്കാരാണെന്ന് പോലീസ് പറഞ്ഞു. പുല്പള്ളിയിലെ പലചരക്ക് വ്യാപാരിയും ബന്ധുവുമായ അബ്ദുള്‍ നാസര്‍ മുഖേനയാണ് റഫീഖ് മറ്റുപ്രതികളുമായി ബന്ധപ്പെടുന്നത്. നിരോധിച്ച ഒരു കോടി രൂപയുടെ നോട്ടുകള്‍ കൈമാറിയാല്‍ പകരം 25 ലക്ഷം രൂപയുടെ പുതിയ നോട്ട് നല്‍കാമെന്നായിരുന്നു ഇടനിലക്കാര്‍ റഫീഖിന് വാഗ്ദാനം ചെയ്തിരുന്നത്.

ഇതേത്തുടര്‍ന്ന് 14 ലക്ഷം രൂപയ്ക്ക് റഫീഖ് നാട്ടില്‍നിന്ന് ഒരു കോടിയുടെ പഴയനോട്ടുകള്‍ ശേഖരിച്ച്‌ പുല്പള്ളിയിലെത്തിച്ചു. ഞായറാഴ്ച രാവിലെ പുല്പള്ളി സീതാ ലവ-കുശ ക്ഷേത്രത്തിന് സമീപത്തെ അബ്ദുള്‍ നാസര്‍ താമസിച്ചിരുന്ന സ്വകാര്യ അപ്പാര്‍ട്ടുമെന്റില്‍ ഇടപാട് നടത്താനുള്ള ശ്രമത്തിനിടെയാണ് ഇവരെ ഡിവൈ.എസ്.പി. കെ.എം. ദേവസ്യയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

എന്നാല്‍ പഴയ നോട്ടുവാങ്ങാനുള്ള ആള്‍ എത്തിയിരുന്നില്ല. പ്രമോദ് എന്ന പേരിലുള്ള ഒരാള്‍ക്കാണ് നോട്ട് കൈമാറാനിരുന്നതെന്നാണ് പ്രതികള്‍ പോലീസിന് നല്‍കിയ മൊഴി. ഇയാളെ കണ്ടെത്തുന്നതിനുള്ള ഊര്‍ജിതാന്വേഷണത്തിലാണ് പോലീസ്. അബ്ദുള്‍ നാസറിന്റെ ജീവനക്കാരനാണ് നിഷാദ്. അബ്ദുള്‍ നാസറിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് നിഷാദ്, തന്റെ കാറിലാണ് റഫീഖിനെ ഇടപാടുനടക്കുന്ന സ്ഥലത്തെത്തിച്ചത്. ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള സ്ക്വാഡും പുല്പള്ളി പോലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ. ടി.പി. മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘവും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

ദി സ്പെസിഫൈഡ് ബാങ്ക് നോട്ട് ( സസ്റ്റേഷന്‍ ദി ലയബലിറ്റീസ്) ആക്റ്റ് 2017 പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പതിനായിരം രൂപയോ പിടിച്ചെടുത്ത തുകയുടെ അഞ്ചിരട്ടിയോ പിഴ ചുമത്താവുന്ന കുറ്റമാണിത്. പ്രതികളെ തിങ്കളാഴ്ച ബത്തേരി ജെ.സി.എം. (ഒന്ന് ) കോടതിയില്‍ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *