KOYILANDY DIARY

The Perfect News Portal

ഒരു ആരാധനയും മത നിരപേക്ഷതക്ക് തടസമാവരുത് : മുഖ്യമന്ത്രി

വടകര: പ്രസിദ്ധമായ കല്ലേരി കുട്ടിച്ചാത്തന്‍ ക്ഷേത്രത്തില്‍ പത്ത് കോടി ചെലവില്‍ നിര്‍മിച്ച ഓഡിറ്റോറിയവും വിവാഹ മണ്ഡപവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഒരു ആരാധനയും മത നിരപേക്ഷതക്ക് തടസമാവരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരാധനയുടെ ഭാഗമായി വര്‍ഗീയത ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നവരെ പിന്തിരിപ്പിക്കാനുള്ള പ്രവര്‍ത്തനം നടക്കണം. മന്ത്രി ടി.പി.രാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.

പാറക്കല്‍ അബ്ദുള്ള എംഎല്‍എ മുഖ്യാതിഥി ആയിരുന്നു. യുഎല്‍സിസി ചെയര്‍മാന്‍ പാലേരി രമേശന്‍, ഫോക്ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് കെ.പി. ചെറിയേക്കന്‍, ക്ഷേത്രഭരണ സമിതി മുന്‍പ്രസിഡന്റ് എം.പി.അനന്തന്‍ എന്നിവരെ ആദരിച്ചു. ഇവര്‍ക്കു മുഖ്യമന്ത്രി ഉപഹാരം നല്‍കി. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് കെ.എം.അശോകന്‍, ടിപി വിനോദന്‍, എ.എം.നഷീദ, റീനരാജന്‍, എം.അനീഷ് എന്നിവര്‍ സംസാരിച്ചു. ടി.പി.ദാമോദരന്‍ സ്വാഗതവും എം അനീഷ് നന്ദിയും പറഞ്ഞു.

വൈകിട്ട്‌ നടന്ന സാംസ്കാരിക സമ്മേളനം ഖദീജാ മുംതാസ് ഉദ്ഘാടനം ചെയ്തു. യുകെ കുമാരന്‍ മുഖ്യപ്രഭാഷണം നടത്തി. മണിയോത്ത് സദാനന്ദന്‍, എപി ബാബു, മലയില്‍ രാജന്‍ എന്നിവര്‍ സംസാരിച്ചു. വൈക്കം വിജയലക്ഷ്മിയുടെ ഗാനമേളയും ഉണ്ടായിരുന്നു.

Advertisements

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റിയാണ് ആധുനിക സൗകര്യങ്ങളോടെയുള്ള ഓഡിറ്റോറിയം നിര്‍മിച്ചത്. ക്ഷേത്രവരുമാനത്തിന്റെ ഒരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു കൂടി നീക്കിവെക്കുന്ന ക്ഷേത്രമാണ് ഇത്. നിര്‍ധനരോഗികള്‍ക്കുള്ള ധനസഹായം, പാവപ്പെട്ട പെണ്‍കുട്ടികള്‍ക്കുള്ള ധനസഹായം, ആരോഗ്യ ചികിത്സാകേന്ദ്രം, ആയുര്‍വേദ മരുന്ന് നിര്‍മാണകേന്ദ്രം, വായനശാലഗ്രന്ഥാലയ പ്രവര്‍ത്തനം, നിര്‍ധനര്‍ക്കുള്ള റേഷന്‍ സഹായപദ്ധതി തുടങ്ങി നിരവധി ക്ഷേമപ്രവര്‍ത്തനങ്ങളാണ് ക്ഷേത്രകമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *