KOYILANDY DIARY.COM

The Perfect News Portal

ഒടിഞ്ഞ കാലിലെ വേദന മാറാന്‍ അമ്മ എണ്ണയിട്ട് തിരുമ്മിയതിനെ തുടര്‍ന്ന് യുവാവ് മരിച്ചു

ഡല്‍ഹി: ഒടിഞ്ഞ കാലിലെ വേദന മാറാന്‍ അമ്മ എണ്ണയിട്ട് തിരുമ്മിയതിനെ തുടര്‍ന്ന് യുവാവ് മരിച്ചു. പരിക്കേറ്റ കാലിലെ ഞരമ്പില്‍ രൂപപ്പെട്ട രക്തക്കട്ട (Blood Clot) തിരുമ്മലിനെ തുടര്‍ന്ന് ഹൃദയ ധമനിയില്‍ എത്തിയതാണ് മരണത്തിന് കാരണമായത്.

ഡല്‍ഹി സ്വദേശിയായ ഇരുപത്തിമൂന്നുകാരനാണ് മസാജിനെ തുടര്‍ന്ന് മരിച്ചത്. മെഡിക്കോ-ലീഗല്‍ ജേണലിന്റെ പുതിയ ലക്കത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 31നാണ് സംഭവം.

2016 സപ്തംബറില്‍ ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ ഇയാളുടെ കണങ്കാലില്‍ പരിക്കേറ്റിരുന്നു. ഇതേതുടര്‍ന്ന് കാലില്‍ പ്ലാസ്റ്റര്‍ ഇടുകയും ചെയ്തിരുന്നു. പ്ലാസ്റ്റര്‍ ഒഴിവാക്കിയ ശേഷവും വേദന തുടര്‍ന്നതോടെയാണ് യുവാവിന്റെ അമ്മ കാലില്‍ എണ്ണയിട്ട് തിരുമ്മിയത്.

Advertisements

ഇതോടെ പ്ലാസ്റ്റര്‍ ഇട്ടതിനെ തുടര്‍ന്ന് രൂപപ്പെട്ട രക്തക്കട്ട കാലില്‍ നിന്ന് നീങ്ങി ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന പള്‍മണറി ധമനിയില്‍ (Pulmonary Artery) എത്തുകയായിരുന്നു.

മസാജ് ചെയ്ത ഉടന്‍ തന്നെ യുവാവിന്റെ രക്തസമ്മര്‍ദ്ദം കുറയുകയും ശ്വാസതടസം അനുഭവപ്പെടുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ഇയാളെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കാലില്‍ നിന്നും ഹൃദയ ധമനിയില്‍ എത്തിയ രക്തക്കട്ടയാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു. 5×1 സെന്റീമീറ്റര്‍ വ്യാസമുള്ള രക്തക്കട്ടയാണ് യുവാവിന്റെ ധമനിയില്‍ നിന്ന് പുറത്തെടുത്തത്.

ഒടിവും മറ്റും മൂലം പ്ലാസ്റ്റര്‍ ഇട്ടാല്‍ ഞരമ്ബുകളില്‍ രക്തക്കട്ട രൂപപ്പെടുന്നത് സാധാരണമാണെന്ന് യുവാവിനെ ചികിത്സിച്ച ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാര്‍ പറയുന്നു. ലക്ഷത്തില്‍ 70 പേര്‍ക്ക് ഇത്തരത്തില്‍ രക്തം കട്ടപിടിക്കാറുണ്ട്. ഇത് തനിയെ അലിഞ്ഞുപോവുകയാണ് വേണ്ടതെന്നും എയിംസ് ഫോറന്‍സിക് വിഭാഗം തലവന്‍ ഡോ. സുധീര്‍ ഗുപ്ത പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *