KOYILANDY DIARY

The Perfect News Portal

എല്‍.എസ്.ഡി ലഹരി സ്റ്റാമ്പുകളുമായി യുവാക്കള്‍ അറസ്റ്റിൽ

തിരുവനന്തപുരം: ഡി.ജെ പാര്‍ട്ടികളുടെ സംഘാടകരായി പ്രവര്‍ത്തിച്ചുവന്ന യുവാക്കളെ എല്‍.എസ്.ഡി ലഹരി സ്റ്റാമ്പുകളുമായി അറസ്റ്റ് ചെയ്തു. മൂന്നു ലക്ഷത്തോളം രൂപ വിലവരുന്ന ലഹരി വസ്തുക്കളാണ് പിടികൂടിയത്.

വഞ്ചിയൂര്‍ ഋഷിമംഗലം സ്വദേശി വൈശാഖ് (25), ആര്യനാട് സ്വദേശി അക്ഷയ് (26), കടയ്ക്കാവൂര്‍ സ്വദേശി വൈശാഖ് (23) എന്നിവരാണ് പിടിയിലായത്. പിടിയിലായ സംഘത്തെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

തിരുവനന്തപുരം നഗരത്തില്‍ ഡി.ജെ പാര്‍ട്ടി സംഘം ഇത്തരം മാരക ലഹരി വസ്തുക്കളുമായി ഇതാദ്യമായാണ് പിടിയിലാകുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന രണ്ട് ബൈക്കും പിടിച്ചെടുത്തു.

Advertisements

ലഹരി സ്റ്റാമ്പുകളുടെ ഇനത്തില്‍പെട്ടതും ചെറിയ സൈസിലുള്ളതുമായ 100 സ്റ്റിക്കറുകളാണ് ഇപ്പോള്‍ പിടിച്ചത്. ഒരെണ്ണത്തിന് 1500 രൂപ വിലവരുന്ന സ്റ്റിക്കറുകള്‍ ഡിമാന്റനുസരിച്ച് ഇരട്ടിയിലേറെ വിലയ്ക്ക് വരെ പാര്‍ട്ടികളില്‍ വിറ്റഴിക്കാറുണ്ടെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്.

യുവതലമുറയ്ക്ക് ഇന്ന് ഏറ്റവും പ്രിയപ്പെട്ട ലഹരികളിലൊന്നാണ് എല്‍.എസ്.ഡി എന്ന ചുരുക്കപ്പേരി അറിയപ്പെടുന്ന (ലൈസര്‍ജിക് ആസിഡ് ഡിത്തലാമിഡ്). ഗോവ, തിരുവനന്തപുരം, മുംബൈ, ബെംഗളുരു, കൊച്ചി എന്നിവിടങ്ങളിലെ പാര്‍ട്ടി നൈറ്റുകളെ സജീവമാക്കുന്നത് ഇപ്പോള്‍ ഈ ലഹരി പേപ്പര്‍ സ്റ്റിക്കറുകളാണ്.

ലൈസര്‍ജിക് ആസിഡ്, ഡൈത്തിലാമൈഡ് എന്നീ മയക്കു മരുന്നുകളുടെ ചേരുവയായ എല്‍.എസ്.ഡി. പേപ്പര്‍ സ്റ്റിക്കര്‍ രൂപത്തില്‍ ചെറിയ സ്റ്റാമ്പ് മാതൃകയിലുള്ള മയക്കു മരുന്നാണിത്.

എല്‍.എസ്.ഡി സ്റ്റാമ്പിന് പുറത്തെ കവര്‍ നീക്കി നാക്കിനടിയില്‍ ഒട്ടിച്ചുവയ്ക്കും. ഒരെണ്ണം ഉപയോഗിച്ചാല്‍ എട്ട് മണിക്കൂര്‍ മുതല്‍ 18 മണിക്കൂര്‍ വരെ ഉന്മാദാവസ്ഥയില്‍ തുടരും. വളരെ വേഗം അഡിക്ഷന്‍ ഉണ്ടാകുന്നു എന്നത് ഈ ലഹരി സ്റ്റിക്കറിന്റെ വിപണി വളരെ വേഗം വളരാന്‍ കാരണമായി.

വിദേശ ടൂറിസ്റ്റുകളുള്‍പ്പെടെ ലക്ഷക്കണക്കിന് വിനോദ സഞ്ചാരികള്‍ എത്തിച്ചേരുന്ന തലസ്ഥാന നഗരിയില്‍ കോവളവും വര്‍ക്കലയുമുള്‍പ്പെടെ ബീച്ചുകളും ടൂറിസം സ്ഥലങ്ങളും കേന്ദ്രീകരിച്ച് ഇത്തരം പാര്‍ട്ടികള്‍ക്ക് ഇവര്‍ ആളുകളെ ആകര്‍ഷിച്ചിരുന്നോയെന്നുള്ളതും പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളും ടെക്കികളുമുള്‍പ്പെടെയുള്ളവര്‍ എല്‍.എസ്.ഡി സ്റ്റിക്കറുകളുടെ ആവശ്യക്കാരായി ഉണ്ടായിരുന്നോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *