എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റുമായി ബാലുശ്ശേരി പഞ്ചായത്ത്

ബാലുശ്ശേരി: ജൈവമാലിന്യ സംസ്കരണത്തിന് തുമ്പൂർ മൂഴി മോഡൽ എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റുമായി ബാലുശ്ശേരി ഗ്രാമപ്പഞ്ചായത്ത്. ബാലുശ്ശേരി ഹൈസ്കൂൾ, പഞ്ചായത്ത് സ്റ്റേഡിയം, കൈരളി റോഡ് എന്നിവിടങ്ങളിൽ എട്ട് ബിൻ കമ്പോസ്റ്റ് യൂണിറ്റിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. 4.38 ലക്ഷം രൂപയുടെ പദ്ധതി ശുചിത്വമിഷനുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. പാലക്കാട് മുണ്ടൂരിലെ ഐ.ആർ.ടി.സി. (ഇന്റഗ്രേറ്റഡ് റൂറൽ ടെക്‌നോളജി സെന്റർ) ആണ് സാങ്കേതിക സഹായം നൽകുന്നത്.

ഇലകളുൾപ്പെടെയുള്ള ചപ്പു ചവറുകളും ഭക്ഷണ മാലിന്യങ്ങളും ഇതുവഴി സംസ്കരിക്കാനാവും. ഒഴിഞ്ഞപറമ്പുകളിൽ തള്ളിയും കത്തിച്ചുമായിരുന്നു ഇവ നശിപ്പിച്ചിരുന്നത്. 75 കിലോഗ്രാംവീതം ജൈവമാലിന്യങ്ങൾ 45 ദിവസം സംഭരിച്ചാൽ ഒരു ബിൻ നിറയും. മാറ്റിവെക്കുന്ന അടുത്ത ബിൻ നിറയുന്നതോടെ ആദ്യ ബിന്നിലെ മാലിന്യങ്ങൾ ജൈവവളമായി മാറിക്കഴിഞ്ഞിരിക്കും. ഐ.ആർ.ടി.സി. തയ്യാറാക്കിനൽകുന്ന ഇനോക്കുലം (ബാക്ടീരിയകളാൽ സമ്പുഷ്ടീകരിച്ച ചകിരിച്ചോറ്) ആണ് ബിന്നുകളിൽ ഉപയോഗിക്കുന്നത്.


