എംഎല്‍എമാരെ മത്സരിപ്പിക്കുന്നത് പാര്‍ട്ടിയുടെ ഗതികേട്: മുരളീധരനെ തിരിഞ്ഞുകൊത്തി അദ്ദേഹത്തിന്റെ മുന്‍ പ്രസംഗം

തിരുവനന്തപുരം: എംഎല്‍എമാരെ മത്സരിപ്പിക്കുന്നത് പാര്‍ട്ടിയുടെ ഗതികേട് എന്ന് പരിഹസിച്ച കെ മുരളീധരന്‍ എംഎല്‍എ വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി. ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള ഇടത് സ്ഥാനാര്‍ത്ഥി പട്ടികയില്‍ എംഎല്‍എമാര്‍ ഉള്‍പ്പെട്ടപ്പോഴായിരുന്നു കെ മുരളീധരന്റെ പരിഹാസ പ്രസംഗം. എന്നാല്‍ അത് ഇത്രപെട്ടെന്ന് തിരിഞ്ഞുകൊത്തുമെന്ന് അദ്ദേഹം പോലും കരുതിക്കാണില്ല.
ഏറെ അനിശ്ചിതത്വത്തിനൊടുവിലാണ് യുഡിഎഫ് വടകരയിലേക്ക് സ്ഥാനാര്‍ത്ഥിയെ കണ്ടെത്തിയത്. എംഎല്‍എ കെ മുരളീധരനാകും പി ജയരാജനെതിരെ വടകരയില്‍ രംഗത്തിറങ്ങുകയെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ മുരളീധരനെ തിരിഞ്ഞുകൊത്തുകയാണ് അദ്ദേഹത്തിന്റെ മുന്‍ പ്രസംഗം. എല്‍ഡിഎഫിന്റെ ആറ് എംഎല്‍എമാരാണ് ഇത്തവണ മത്സരരംഗത്തുള്ളത്. ഇടതുപട്ടിക നേരത്തെ പ്രഖ്യാപിച്ചപ്പോഴായിരുന്നു മുരളീധരന്‍ പരിഹസിച്ചത്. കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയപ്പോഴായിരുന്നു, എംഎല്‍എമാരെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നത് പാര്‍ട്ടിയുടെ ഗതികേടാണെന്ന് മുരളീധരന്‍ പരിഹസിച്ചത്.

ഒന്നോ രണ്ടോ പേര്‍ സ്ഥാനാര്‍ത്ഥിയാകുന്നത് അംഗീകരിക്കാം. എന്നാല്‍ കൂടുതല്‍ എംഎല്‍എമാര്‍ മത്സരിക്കുന്നത് നേതൃത്വത്തിന്റെ ഗതികേടാണ് കാണിക്കുന്നത് എന്നായിരുന്നു മുരളീധരന്‍ അന്ന് പറഞ്ഞത്. എന്നാല്‍ അദ്ദേഹവും സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ നിലവില്‍ കോണ്‍ഗ്രസിന്റെ മൂന്ന് സ്ഥാനാര്‍ത്ഥികള്‍ സിറ്റിംഗ് എംഎല്‍എമാരാണ്.

എംഎല്‍എമാരായ അടൂര്‍ പ്രകാശും ഹൈബി ഈഡനും മത്സരിക്കുന്നുണ്ട്. എല്‍ഡിഎഫ് പട്ടികയില്‍ എ പ്രദീപ് കുമാര്‍, വീണാ ജോര്‍ജ്ജ്, സി ദിവാകരന്‍, ചിറ്റയം ഗോപകുമാര്‍, എ എം ആരിഫ്, പി വി അന്‍വര്‍ എന്നിവരാണ് പാര്‍ലമെന്റിലേക്ക് മത്സരിക്കുന്നത്.

