KOYILANDY DIARY

The Perfect News Portal

എതിരാളിയെക്കുറിച്ച്‌ ആദ്യ പ്രതികരണവുമായി ജയരാജന്‍

വടകര: ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ശേഷം വടകര ലോക്സഭാ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. വട്ടിയൂര്‍ക്കാവ് എംഎല്‍എ കെ മുരളീധരനെയാണ് വടകരയില്‍ പി ജയരാജനെ നേരിടാന്‍ കോണ്‍ഗ്രസ് നിയോഗിച്ചിരിക്കുന്നത്.

ഇതോടെ 16 മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥികളായി. ജയരാജനെതിരെ മത്സരിക്കാന്‍ ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന് എഐസിസി നേതൃത്വത്തിന് ഇന്നലെ മുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സന്ദേശം അയച്ചിരുന്നു. ഇതും കൂടി കണക്കിലെടുത്താണ് മുരളീധരന്‍റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.

 കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മുരളീധരന്‍ വന്നതോടെ വടകരയിലെ പോരാട്ടം കടുക്കുമെന്ന് ഉറപ്പായി. ആര്‍എംപി യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍  സിപിഎമ്മിന് അഭിമാന മത്സരം കൂടിയാണ് വടകര.
മുരളീധരന്‍റെ സ്ഥാനാര്‍ത്ഥിത്വം തനിക്കൊരു വെല്ലുവിളിയല്ലെന്നാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി ജയരാജന്‍ വ്യക്തമാക്കുന്നത്. വടകര ലോക്സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ മുരളീധരനെ പരിഗണിക്കുന്നത് അവരുടെ തമ്മിലടിയുടെ ഭാഗമായാണെന്നായിരുന്നു പി ജയരാജന്‍ ആദ്യമായി പ്രതികരിച്ചത്.
ഇടതുപക്ഷം മത്സരിക്കുന്നത് ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്ക് എതിരായല്ല. വടകരയില്‍ ഇടതുമുന്നണി മികച്ച വിജയം നേടുമെന്നും കൊയിലാണ്ടിയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ ജയരാജന്‍ വ്യക്തമാക്കി.
വടകരയിലെ സിറ്റിങ് എംപിയായ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയതോടെയാണ് കോണ്‍ഗ്രസിന് പുതിയ സ്ഥാനാര്‍ത്ഥിയെ തേടേണ്ടി വന്നത്. ആദ്യഘട്ടത്തില്‍ ഉണ്ണിത്താന്‍ മുതല്‍ വിദ്യാബാലകൃഷ്ണന്‍, സജീവ് മാറോളി തുടങ്ങിയവരുടെ പേരുകള്‍ ചര്‍ച്ചയില്‍ സജീവമായിരുന്നു.

ജയരാജനെതിരെ ഉണ്ണിത്താന്‍റെ പേരിനായിരുന്നു മുന്‍തൂക്കം. എന്നാല്‍ ഉണ്ണിത്താന്‍റെ കാസര്‍ഗോ‍ഡ് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചപ്പോള്‍ വടകരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വീണ്ടും നീണ്ടുപോയി.

Advertisements
 മുല്ലപ്പള്ളിക്കുമേല്‍ കോണ്‍ഗ്രസ് സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും അദ്ദേഹം വഴങ്ങിയല്ല. ഒടുവില്‍ ജയരാജനെ നേരിടാന്‍ താന്‍ തയ്യാറാണെന്ന് കെ മുരളീധരന്‍ അറിയിച്ചതോടെ വടകരയിലെ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് അദ്ദേഹത്തെ നിശ്ചയിക്കുകയായിരുന്നു.
ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വടകരയില്‍ മത്സരിക്കുന്നതിനെ കുറിച്ച് തന്നോട് ചോദിച്ചു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ശക്തമായ പോരാട്ടം നടത്താന്‍ തയ്യാറാണെന്ന് അവരെ അറിയിക്കുകയും ചെയ്തുവെന്നാണ് മുരളീധരന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കിയത്.

കോണ്‍ഗ്രസുകാരനായ ഞാന്‍ ജനാധിപത്യത്തിന് ഒപ്പമാണ്. ഇടതുമുന്നണി അക്രമ രാഷ്ട്രീയത്തിനൊപ്പമാണ്. മത്സരിത്തില്‍ എതിരാളി ആരെന്ന് നോക്കാറില്ല. മത്സരം ആശയങ്ങളോടാണ്. ജനാധിപത്യവും അക്രമരാഷ്ട്രീയവും തമ്മിലുള്ള പോരാട്ടമാണ് വടകരയിലേതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

 അക്രമരാഷ്ട്രീയത്തിനെതിരെ പോരാടും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ 10 വര്‍ഷത്തെ വികസ പ്രവര്‍ത്തനങ്ങല്‍ തുടരാന്‍ തയ്യാറാണോ എന്നുമായിരുന്നു കോണ്‍ഗ്രസ് നേതൃത്വം എന്നോട് ചോദിച്ചത്. ജയരാജനെതിരെ പോരാടാന്‍ തയ്യാറാണെന്ന് ഞാന്‍ വ്യക്തമാക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *