KOYILANDY DIARY

The Perfect News Portal

ഉള്ളൂർക്കടവ് പാലത്തിന് പുതുക്കിയ ഭരണാനുമതിയായി 

കൊയിലാണ്ടി:  ഉള്ളൂർക്കടവ് പാലത്തിന് പുതുക്കിയ ഭരണാനുമതി ലഭിച്ചതായി കെ.ദാസൻ എം.എൽ.എ അറിയിച്ചു.  16 കോടി 25 ലക്ഷം രൂപയുടെ പുതുക്കിയ ഭരണാനുമതിയാണ് ലഭിച്ചത്.  2009 ൽ ലഭിച്ച ആദ്യ ഭരണാനുമതി 8.50 കോടിയുടേതായിരുന്നു.  എന്നാൽ ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിൽ വന്ന തടസ്സങ്ങളാൽ പദ്ധതി ഒരു ഘട്ടം കഴിഞ്ഞതോടെ നിർബന്ധിത ഭൂമി ഏറ്റെടുക്കൽ രീതിയിലേക്ക് പരിഷ്കരിച്ച് ഉത്തരവിറക്കേണ്ടി വന്നു. ഇതു കാരണം  നടപടിക്രമങ്ങൾ വൈകി. 
വർഷങ്ങൾ കഴിഞ്ഞതോടെ 8.50 കോടിക്ക് പാലം നിർമ്മാണം പൂർത്തിയാക്കാൻ കഴിയില്ലെന്ന് വന്നതോടെയാണ് കെ. ദാസൻ എം.എൽ.എയും ബാലുശ്ശേരി എം.എൽ.എ പുരുഷൻ കടലുണ്ടിയും സംയുക്തമായി ധനമന്ത്രിയെ കണ്ട് പുതുക്കിയ ഭരണാനുമതിക്കായി കത്ത് നൽകിയത്.  ഇതിൻ്റെ അടിസ്ഥാനത്തിലാണ് പുതുക്കിയ ഉത്തരവ് ഇപ്പോൾ വന്നത്.  നിർമ്മാണവുമായി ബന്ധപ്പെട്ട സാമൂഹികാഘാത പഠനം പൂർത്തിയായി കഴിഞ്ഞു.  ഇനി ഭൂമി വിട്ടു നൽകാൻ എല്ലാവരും സമ്മത പത്രം നൽകുകയാണെങ്കിൽ സാങ്കേതികാനുമതി തേടി ടെണ്ടർ നടപടികളിലേക്ക് കടക്കാൻ കഴിയും.  സമാനമായ  തോരായിക്കടവ് പാലത്തിന് എല്ലാവരും സമ്മതപത്രം നൽകിയ സ്ഥിതിക്ക് സാങ്കേതികാനുമതി ലഭ്യമാകുന്നതോടെ വേഗത്തിൽ തന്നെ ടെണ്ടർ നടപടികളിലേക്ക് കടക്കാനാകുമെന്ന് കെ.ദാസൻ എം.എൽ.എ അറിയിച്ചു. 
കൊയിലാണ്ടി നിയോജക മണ്ഡലത്തിന് അതിരിടുന്ന പുഴകളെല്ലാം തന്നെ ദേശീയ ജലപാതയായി നോട്ടിഫൈ ചെയ്തതോടെ മണ്ഡലത്തിലേക്ക് കിഫ്ബി വഴിയും, ബജറ്റ് വഴിയും പണം അനുവദിച്ച് ഭരണാനുമതിയായ തോരായിക്കടവ് പാലം, ഉള്ളൂർക്കടവ് പാലം, നടേരിക്കടവ് പാലം, അകലാപ്പുഴ പാലം, ഇരിങ്ങൽ അഴീക്കൽ കടവ് പാലം എന്നിവയുടെ ഡിസൈനിംഗിൽ മാറ്റം വരുത്തേണ്ട അവസ്ഥ അടുത്തിടെ സംജാതമായിരുന്നു.  നടപടി ക്രമങ്ങളുടെ വിവിധ ഘട്ടങ്ങളിൽ ഉണ്ടായിരുന്ന എല്ലാ പാലങ്ങളും ഇതോടെ റീ ഡിസൈൻ ചെയ്യേണ്ട അവസ്ഥ വന്നു ചേരുകയായിരുന്നു. എല്ലാ പാലങ്ങളുടെയും മധ്യഭാഗത്തുള്ള സ്പാനിന്റെ നീളവും ഉയരവും വർദ്ധിപ്പിക്കേണ്ടതായി നിർദ്ദേശം വന്നിട്ടുണ്ട്. ഇതിൽ തോരായിക്കടവ് പാലം റീ ഡിസൈൻ ചെയ്ത് ലഭിച്ചു കഴിഞ്ഞു.  രൂപകൽപ്പനയിൽ വലിയ മാറ്റങ്ങളില്ലാത്തതിനാൽ നേരെത്തെയുണ്ടായ നടപടികളുമായി മുന്നോട്ടു പോകാൻ കഴിയും. 
ഉള്ളൂർക്കടവിന്റെ പുതുക്കിയ സിസൈനും അടുത്ത ആഴ്ച തന്നെ ലഭിക്കുമെന്നും വലിയ മാറ്റങ്ങൾക്ക് സാധ്യതയില്ലാത്തതിനാൽ ഇപ്പോഴത്തെ നടപടിയുമായി മുന്നോട്ട് പോകാൻ കഴിയുമെന്ന് ബ്രിഡ്ജസ് വിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചിട്ടുണ്ട്. നടേരിക്കടവ്, അകലാപ്പുഴ, ഇരിങ്ങൽ അഴീക്കൽ കടവ് പാലങ്ങളുടെ ഡിസൈനും മാറ്റങ്ങൾ വരുത്തി ഉടൻ ലഭിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *