KOYILANDY DIARY.COM

The Perfect News Portal

ഉന്നാവ്‌ പെണ്‍കുട്ടി നല്‍കിയ കത്ത്‌ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ഡല്‍ഹി: ബിജെപി എംഎല്‍എയില്‍നിന്നും ബന്ധുക്കളില്‍നിന്നും ജീവന്‌ ഭീഷണിയുണ്ടെന്ന്‌ വ്യക്തമാക്കി ഉന്നാവ്‌ പെണ്‍കുട്ടി നല്‍കിയ കത്ത്‌ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പെണ്‍കുട്ടിയുടെയും ബന്ധുക്കളുടെയും സുരക്ഷ ഉറപ്പാക്കുംവിധം ഉത്തരവ്‌ പുറപ്പെടുവിക്കുമെന്നും ചീഫ്‌ ജസ്‌റ്റിസ്‌ രഞ്‌ജന്‍ ഗൊഗോയ്‌ അധ്യക്ഷനായ ബെഞ്ച്‌ അറിയിച്ചു. ജുലൈ 12ന്‌ പെണ്‍കുട്ടി അയച്ച കത്ത്‌ ചൊവ്വാഴ്‌ച വൈകിട്ട്‌ നാല്‌ വരെ ശ്രദ്ധയില്‍പ്പെടുത്താത്തതില്‍ സെക്രട്ടറി ജനറലിനോട്‌ ചീഫ്‌ ജസ്‌റ്റിസ്‌ വിശദീകരണമാവശ്യപ്പെട്ടു.

പോക്‌സോ കേസുകളില്‍ വിചാരണ വേഗമാക്കാന്‍ സുപ്രീംകോടതി സ്വമേധയാ രജിസ്‌റ്റര്‍ ചെയ്‌ത കേസിലെ അമിക്കസ്‌ക്യൂറിയും മുതിര്‍ന്ന അഭിഭാഷകനുമായ വി ഗിരി വിഷയം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ്‌ കത്ത്‌ സംബന്ധിച്ച്‌ ചീഫ്‌ ജസ്‌റ്റിസ്‌ വിശദീകരിച്ചത്‌.”ദൗര്‍ഭാഗ്യവശാല്‍, ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക്‌ മാത്രമാണ്‌ കത്ത്‌ കൈയില്‍ കിട്ടിയത്‌. കത്ത്‌ ലഭിച്ചിട്ടും ചീഫ്‌ ജസ്‌റ്റിസ്‌ നടപടി സ്വീകരിച്ചില്ലെന്ന്‌ ചില പത്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌ കണ്ടു. അത്‌ തെറ്റാണ്‌. അതീവകലുഷിതമായ അന്തരീക്ഷമാണ്‌. ഈ സാഹചര്യത്തില്‍ കോടതി സാധ്യമായ ഇടപെടല്‍ നടത്താന്‍ ശ്രമിക്കും”– രഞ്‌ജന്‍ ഗൊഗോയ്‌ പറഞ്ഞു.

ഉന്നാവ്‌ ബലാത്സംഗക്കേസിലെ പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ്‌സിങ്‌ സെന്‍ഗറിന്റെ സഹോദരനും ഗുണ്ടകളും വീട്ടിലെത്തി ഭീഷണി മുഴക്കുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതമാണ്‌ പെണ്‍കുട്ടി കത്ത്‌ നല്‍കിയിരുന്നത്‌. ഞായറാഴ്‌ചയുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയുടെ നിലയില്‍ കാര്യമായ മാറ്റമില്ല. അഭിഭാഷകന്റെ നിലയും സമാനമായി തുടരുന്നു. ലഖ്‌നൗ കിങ് ജോര്‍ജ്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലെ ട്രോമാ സെന്ററിലെ വെന്റിലേറ്ററിലാണ്‌ ഇരുവരും. യോഗി മന്ത്രിസഭയിലെ രണ്‍വേന്ദ്ര പ്രതാപ്‌സിങ്ങിന്റെ മരുമകന്‍ അരുണ്‍ സിങ്ങിനെയും പ്രതിയാക്കി.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *