ഉച്ചഭക്ഷണ പദ്ധതിയിൽ സർക്കാർ അനാസ്ഥ കാണിക്കുന്നതായി കെ.പി.എസ്.ടി.എ

കൊയിലാണ്ടി: ഉച്ചഭക്ഷണ പദ്ധതിയിൽ സർക്കാർ അനാസ്ഥ കാണിക്കുന്നതായി കെ.പി.എസ്.ടി.എ. ഉച്ചഭക്ഷണ ഫണ്ട് കുടിശ്ശിക കൊടുത്തുതീർക്കുക, ഉച്ചഭക്ഷണ ഫണ്ട് കാലോചിതമായി വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെ.പി.എസ്.ടി.എ. കൊയിലാണ്ടി ഉപജില്ല കൊയിലാണ്ടി വിദ്യാഭ്യാസ ഓഫീസിനു മുമ്പിൽ കുത്തിയിരിപ്പ് സമരം സംഘടിപ്പിച്ചു. അനുദിനം വില വർദ്ധിച്ചുവരുന്ന അവശ്യസാധനങ്ങളുടെയും പാചകവാതകത്തിന്റെയും ഇടയിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം കൃത്യമായി നൽകുന്നതിനായി സ്കൂളുകളിൽ പ്രധാനാധ്യാപകർ പാടുപെടുകയാണ്.

ഉച്ചഭക്ഷണ ചുമതലയുള്ള അധ്യാപകനും സ്കൂൾ ഹെഡ്മാസ്റ്ററും കൂടി ഇതിനുള്ള ഫണ്ട് കണ്ടെത്തേണ്ട അവസ്ഥയാണ് ഇന്ന് നിലവിലുള്ളത്. ആഴ്ചയിൽ രണ്ടുദിവസം നൽകിയിരുന്ന പാൽ ഇപ്പോൾ ആഴ്ചയിൽ ഒരു ദിവസമാക്കി സർക്കാർ വെട്ടിച്ചുരുക്കി. ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികളെയാണ് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ഇവര് ആരോപിച്ചു.


കുത്തിയിരുപ്പ് സമരത്തിന്റെ കൊയിലാണ്ടി സബ്ജില്ലാ ഉദ്ഘാടനം ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൊയിലാണ്ടി ബ്ലോക്ക് പ്രസിഡന്റ് വി.വി. സുധാകരൻ നിർവഹിച്ചു. കെ.പി.എസ്.ടി.എ. സബ്ജില്ലാ പ്രസിഡന്റ് ബൈജാ റാണി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എസ്. നിഷാന്ത്. സംസ്ഥാന കമ്മിറ്റി അംഗം കെ എം മണി, സംസ്ഥാന കൗൺസിലർ പി കെ രാധാകൃഷ്ണൻ, ജില്ലാ ജോയിന്റ് സെക്രട്ടറി എൻ ശർമിള, കെ.കെ. മനോജ്, ഇ. കെ പ്രജേഷ്, ബാസിൽ പാലിശ്ശേരി, കെ സിന്ധു തുടങ്ങിയവർ സംസാരിച്ചു. കെ.പി.ആസിഫ്, സൂരജ്, സന്ദീപ്, അനുഷ, ധനുഷ, ഉമേഷ്, പ്രതീഷ് ലാൽ സിനിത തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.


