KOYILANDY DIARY

The Perfect News Portal

ഇലോണ്‍ മസ്‍ക്കിന്‍റെ തീരുമാനത്തിന് ഓഹരി ഉടമകളുടെ അംഗീകാരം

വാഷിംഗ്ടണ്‍: Elon Musk Twitter Deal: ട്വിറ്റര്‍ ഏറ്റെടുക്കലിനുള്ള ശതകോടീശ്വരനായ ടെസ്‌ല സിഇഒ ഇലോണ്‍ മസ്‍ക്കിന്‍റെ തീരുമാനത്തിന് ഒടുവിൽ ഓഹരി ഉടമകളുടെ അംഗീകാരം ലഭിച്ചു. ലോകം ഉറ്റുനോക്കിയിരുന്ന കരാറുകളിൽ ഒന്നായിരുന്നു ഇത്.  44 ബില്ല്യണ്‍ ഡോളറിനാണ്  മസ്‍ക് ട്വിറ്റര്‍ വാങ്ങുന്നത്. ബിഡിനെ അനുകൂലിച്ച് ട്വിറ്റര്‍ ഓഹരി ഉടമകള്‍ വോട്ട് ചെയ്തു. കരാറില്‍ നിന്നും പിന്മാറാന്‍ മസ്ക് ശ്രമിക്കുന്നതിനിടെയായിരുന്നു ഈ വോട്ടെടുപ്പ്.  ഏപ്രിൽ 26 നാണ് ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള പദ്ധതി ഇലോണ്‍ മസ്ക് പ്രഖ്യാപിച്ചത്. ഏറെ നാളത്തെ ചർച്ചകൾക്ക് ശേഷമാണ് മസ്‌ക്  ട്വിറ്ററിനെ ഏറ്റെടുക്കാനുള്ള കരാറിലെത്തിയത്. മസ്ക് മുന്നോട്ടുവച്ചത് 44 ബില്യൺ ഡോളറായിരുന്നു.  അതായത് ഓഹരി ഒന്നിന് 54.20 ഡോളർ. 

മസ്‌ക് ട്വിറ്ററിനെ ഏറ്റെടുക്കുന്നത് തടയാൻ  അവസാന ശ്രമമെന്നോണം പോയ്‌സൺ പിൽ വരെ ട്വിറ്റര്‍ മസ്ക്കിനെതിരെ പ്രയോഗിച്ചെങ്കിലും രക്ഷയില്ലായിരുന്നു.  ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരികൾ ഏപ്രിൽ ആദ്യത്തിൽ മസ്‌ക് സ്വന്തമാക്കിയിരുന്നു. ട്വിറ്ററിന്റെ ഓഹരിയിലെ ക്ലോസിങ് മൂല്യത്തേക്കാൾ 38 ശതമാനം കൂടുതലായിരുന്നു കരാർ തുക. മസ്ക് ട്വിറ്റർ ഏറ്റെടുക്കുന്നതോടെ ഓഹരിവിപണിയുടെ ഭാഗമായിരുന്ന ട്വിറ്റർ പൂർണമായും സ്വകാര്യ കമ്പനിയായി മാറും.

ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകളുടെ കണക്ക് എത്രയാണെന്ന് അറിയണമെന്ന് ഇലോൺ മസ്‌ക് ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇതുമായി ബന്ധപ്പെട്ട് കൃത്യമായ മറുപടി ട്വിറ്റർ നൽകിയിരുന്നില്ല. ഇതിനു പിന്നാലെ കരാറിൽ നിന്നും പിന്മാറുന്നതായി മസ്ക് ജൂലൈയിൽ പ്രഖ്യാപിച്ചപ്പോൾ ഇതിനെതിരെ ട്വിറ്റർ കോടതിയെ സമീപിച്ചിരുന്നു. ഈ കേസിന്റെ വിചാരണ ഒക്ടോബറിൽ നേരിടണം.  

Advertisements