KOYILANDY DIARY

The Perfect News Portal

ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റുണ്ടായാല്‍ അത് രാഷ്ട്രീയ സമ്മര്‍ദ്ദമെന്നു വരുത്താന്‍ മനോരമ

കൊച്ചി: പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍ മരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് കുടുങ്ങും എന്ന സൂചന വന്നതോടെ രക്ഷിയ്ക്കാന്‍ തന്ത്രങ്ങളുമായി മനോരമ. ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റുണ്ടായാല്‍ അത് രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് വരുത്താനാണ് മനോരമയുടെ നീക്കം.

പാലാരിവട്ടം പാലത്തിന്റെ അഴിമതി അന്വേഷണം സ്വാഭാവികമായും മുന്‍ മരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിലേക്ക് എത്തുകയാണ്. അഴിമതിയില്‍ മന്ത്രിയ്ക്കും പങ്കുണ്ടെന്ന സൂചന നേരത്തെ പുറത്തുവന്നു. അറസ്റ്റിലായ മുന്‍ മരാമത്ത് സെക്രട്ടറി ടി ഒ സൂരജ് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ മന്ത്രിയുടെ പങ്ക് വ്യക്തമാക്കുകയും ചെയ്തു.

അന്വേഷണം ഇങ്ങോട്ട് തിരിഞ്ഞതോടെ മലയാള മനോരമ പരിഭ്രാന്തിയിലായി. സൂരജ് പറഞ്ഞത് ഏത് മന്ത്രിയെപ്പറ്റി എന്ന് മനോരമ മിണ്ടിയില്ല. മുന്‍ മരാമത്ത് മന്ത്രി എന്ന് മാത്രം പറഞ്ഞ് രക്ഷപ്പെട്ടു.തെരഞ്ഞെടുപ്പ് നടക്കുന്ന പാലായില്‍ ഇറങ്ങുന്ന കോട്ടയം എഡിഷനില്‍ ആയിരുന്നു ഈ ജാഗ്രത.പിറ്റേന്ന് വീണ്ടും കൊടുക്കേണ്ടിവന്നപ്പോഴും മനോരമ കോടതി വാര്‍ത്തകളില്‍ ഇബ്രാഹിം കുഞ്ഞിന്റെ പേര് ഒഴിവാക്കി.

Advertisements

വ്യാഴാഴ്ച ആയതോടെ ഇബ്രാഹിംകുഞ്ഞിന്റെ പേര് എഴുതാതെ പാലാരിവട്ടം പാലത്തെപ്പറ്റി എഴുതാന്‍ പറ്റില്ല എന്ന സ്ഥിതിയായി. അതോടെയാണ് മനോരമ പുതിയ അടവെടുത്തു.അതാണ്‌ വെള്ളിയാഴ്ച ഇറങ്ങിയ പത്രത്തില്‍ പയറ്റിയ തന്ത്രം. ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തേക്കും എന്ന് വിജിലന്‍സ് സൂചന നല്‍കിയതായി എല്ലാ പത്രങ്ങളിലും വാര്‍ത്തയുണ്ട്. അറസ്റ്റ് അനിവാര്യമാണെന്ന സൂചനയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്നതെന്ന് മാതൃഭൂമിയും മാധ്യമവും കേരള കൌമുദിയും അടക്കമുള്ള പത്രങ്ങള്‍ പറയുന്നു.

എന്നാല്‍ മനോരമ പറയുന്നത് ഇങ്ങനെ..

”കേസില്‍ എടുത്തുചാടി അറസ്റ്റ് വേണ്ടെന്നും അത് രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയെന്ന ആരോപണം ഉയര്‍ത്തുമെന്നും അന്വേഷണ സംഘം മേലുദ്യോഗസ്ഥരെ ധരിപ്പിച്ചു. എന്നാല്‍ കേസില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായാല്‍ അറസ്റ്റ് വൈകാനും ഇടയില്ലെന്ന്‍ ഉന്നതര്‍ പറയുന്നു.”

അതായത് തെളിവുകള്‍ കൂട്ടിക്കെട്ടി ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റു ചെയ്യാന്‍ ഇടയായാല്‍ അത് എടുത്തുചാട്ടവും രാഷ്ട്രീയ സമ്മര്‍ദ്ദത്താല്‍ മാത്രമുണ്ടായ നടപടി ആണെന്നും വരുത്തണം. അതിനുള്ള ‘ദീര്‍ഘവീക്ഷണ’മാണ് മനോരമ ഈ വാര്‍ത്തയില്‍ ഒളിച്ചുകടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *