ഇന്നു മുതല്‍ മെഡിക്കല്‍കോളജില്‍ സന്ദര്‍ശനസമയം നാലുമുതല്‍ ആറുവരെ

കോഴിക്കോട്: ബുധനാഴ്ച മുതല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സന്ദര്‍ശനസമയം ഒരുമണിക്കൂര്‍ കുറച്ച് നാലുമുതല്‍ ആറുവരെയാക്കി. രോഗികള്‍ക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ടും സാംക്രമിക രോഗങ്ങള്‍ കൂടുന്നതിനാലുമാണ് സന്ദര്‍ശനസമയം കുറച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
നിപ വൈറസ് ഭീതി ഒഴിഞ്ഞതിനാല്‍ ഐസൊലേഷന്‍ വാര്‍ഡ് തത്കാലം നിര്‍ത്തലാക്കി. പേ വാര്‍ഡാണ് നേരത്തേ ഐസൊലേഷന്‍ വാര്‍ഡായി ഉപയോഗിച്ചിരുന്നത്. ഇതുവീണ്ടും പേവാര്‍ഡായി മാറ്റാനുള്ള തീരുമാനം വന്നിട്ടില്ല. കൊതുക് പരത്തുന്ന ഡെങ്കി പോലുള്ള രോഗങ്ങള്‍ക്ക് ഐസൊലേഷന്‍ വാര്‍ഡ് ആവശ്യമില്ലെന്നും അധികൃതര്‍ പറഞ്ഞു.

പേ വാര്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് കെയര്‍ വാര്‍ഡില്‍ പ്രവര്‍ത്തിച്ചുവരുന്ന പനി ക്ളിനിക്ക് തുടരും. പനി രോഗങ്ങള്‍ക്ക് രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് രണ്ടുമണിവരെ ഇവിടെ ഒ.പി. പ്രവര്‍ത്തിക്കും. ചികിത്സയില്‍ നിരീക്ഷണം ആവശ്യമുള്ള രോഗികളെ പുതിയതായി നിര്‍മിച്ച നിരീക്ഷണ വാര്‍ഡില്‍ പ്രവേശിപ്പിക്കും.

അത്യാഹിതവിഭാഗത്തിന് സമീപം പഴയ ഇന്സിനറേറ്ററുള്ള മാലിന്യം കൂട്ടിയിടുന്ന വഴിയിലൂടെയാണ് പുതിയ നിരീക്ഷണ വാര്‍ഡിലേക്കുള്ള പ്രവേശനം. ഇത് പരാതികള്‍ക്കിടയാക്കിയിട്ടുണ്ട്. ഇവിടെ ഇപ്പോള്‍ എട്ടോളം രോഗികള്‍ പനിബാധിച്ച് നിരീക്ഷണത്തിലുണ്ട്.

ഒ.പി. കൗണ്ടറിന് ഉള്ളില്‍ത്തന്നെ ആരംഭിച്ച ക്ലിനിക്കില്‍ പനി കൂടാതെ ഓര്‍ത്തോ, സര്‍ജറി തുടങ്ങി മറ്റുരോഗങ്ങള്‍ക്കും ചികിത്സ ലഭ്യമാകും. അത്യാഹിതവിഭാഗത്തില്‍ പനി ബാധിച്ച് വരുന്ന കിടത്തിച്ചികിത്സ ആവശ്യമുള്ള രോഗികളെ ബന്ധപ്പെട്ട വാര്‍ഡുകളില്‍ പ്രവേശിപ്പിക്കും. രോഗികള്‍ക്ക് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന തരത്തിലാണ് പുതിയ പരിഷ്കാരമെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.
