KOYILANDY DIARY

The Perfect News Portal

ആർക്കും വിട്ടുകൊടുക്കാതെ കോഴിക്കോട്… ഇത് ഞങ്ങൾക്കുള്ളതാ… ഞങ്ങൾക്ക് മാത്രം..

കണ്ണൂര്‍ > അഭിമാനിക്കാം.. ആർക്കും വിട്ടുകൊടുക്കൂല. ചരിത്രം കുറിക്കുകയാണ് കോഴിക്കോട് ജില്ല. സംസ്ഥാന സ്കൂള്‍ കലാകിരീടം തുടര്‍ച്ചയായി പതിനൊന്നാം തവണയും കലാപെരുമയുള്ള കോഴിക്കോട് ജില്ല നിലനിര്‍ത്തി. ഒപ്പം മുന്നേറിയ പാലക്കാടിനെയും കണ്ണൂരിനെയും നേരിയ വ്യത്യാസത്തില്‍ പിന്നിലാക്കിയായിരുന്നു ഈ വിജയം.

939 പോയിന്റ് നേടിയാണ് കോഴിക്കോട് സ്വര്‍ണക്കപ്പില്‍ മുത്തമിട്ടത്. കഴിഞ്ഞവര്‍ഷത്തെപോലെ ഒപ്പത്തിനൊപ്പം മുന്നേറിയ പാലക്കാടാണ് രണ്ടാമത്. 936 പോയിന്റ്. 57 ആം കലോത്സവത്തിന് ആതിഥ്യമരുളി അവിസ്മരണീയമാക്കിയ കണ്ണൂരിലെ കുട്ടികള്‍ 933 പോയിന്റോടെ മൂന്നാമതായി ഫിനിഷ് ചെയ്തു. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കോഴിക്കോടിന്റെ പതിനെട്ടാം വിജയംകൂടിയാണിത്. മത്സരങ്ങള്‍ പൂര്‍ത്തിയായിട്ടും കിരീട ജേതാക്കളെ സംബന്ധിച്ച് അനിശ്ചിതത്വമായിരുന്നു. അവസാനലാപ്പില്‍ അപ്പീല്‍ ചിറകിലേറിയാണ് കോഴിക്കോട് കപ്പ് നിലനിര്‍ത്തിയത്.

ഹൈസ്കൂള്‍ വിഭാഗത്തില്‍ 429 പോയിന്റോടെ തൃശൂരാണ് മുന്നില്‍. പാലക്കാട് – 428, കോഴിക്കോട്-427 എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഹയര്‍സെക്കന്‍ഡറി കലോത്സവത്തില്‍ കോഴിക്കോടാണ് ഒന്നാമത്- 512 പോയിന്റ്. 508 പോയിന്റോടെ കണ്ണൂരും പാലക്കാടുമാണ് രണ്ടാം സ്ഥാനത്ത്. സംസ്കൃതോത്സവത്തില്‍ മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ 95 പോയിന്റ് വീതം നേടി ഒന്നാംസ്ഥാനം പങ്കിട്ടു. അറബിക് കലോത്സവത്തില്‍ കണ്ണൂര്‍, കോഴിക്കോട്, കൊല്ലം, തൃശൂര്‍ ജില്ലകള്‍ 95 പോയിന്റ് വീതം നേടി കിരീടാവകാശികളായി.

Advertisements

പാലക്കാട് ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം എച്ച്എസ്എസ് (113 പോയിന്റ്) ഹൈസ്കൂള്‍ വിഭാഗത്തില്‍ ചാമ്പ്യന്‍ സ്കൂളായി. ഇടുക്കി കുമാരമംഗലം എംഎന്‍ എംഎച്ച്എസ് (83), കണ്ണൂര്‍ സെന്റ് തെരേസാസ് ആംഗ്ളോ ഇന്ത്യന്‍ ഹയര്‍സെക്കന്‍ഡറി (80) എന്നിവയാണ് തൊട്ടടുത്ത്. ഹയര്‍സെക്കന്‍ഡറിയില്‍ ഇടുക്കി കുമാരമംഗലം എംഎന്‍ എംഎച്ച്എസാണ് ജേതാക്കള്‍. 131 പോയിന്റ്. ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം എച്ച്എസ്എസ് (123), ആലപ്പുഴ മാന്നാര്‍ എന്‍ എസ് ബോയ്സ് എച്ച്എസ് (116) എന്നിവയാണ് പിന്നില്‍.

സമാപന സമ്മേളനം പ്രധാനവേദിയായ നിളയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനംചെയ്തു. മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അധ്യക്ഷനായി. മജീഷ്യന്‍ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായി. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സുവനീര്‍ പ്രകാശനംചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *