KOYILANDY DIARY

The Perfect News Portal

ആദിവാസി യുവാവിനെ തല്ലിക്കൊന്ന സംഭവം: മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

അഗളി: അട്ടപ്പാടിയിലെ മുക്കാലിയില്‍ ആദിവാസി യുവാവിനെ നിഷ്കരുണം തല്ലിക്കൊന്ന സംഭവം ആള്‍ക്കൂട്ടത്തിന്റെ ഏകപക്ഷീയമായ വിധി നടപ്പാക്കല്‍. അട്ടപ്പാടി കടുകുമണ്ണ ഊരിലെ മധു (27) എന്ന ആദിവാസി യുവാവിനെ തല്ലി കൊല്ലാറാക്കിയശേഷം പൊലീസിലേല്‍പ്പിച്ച കുറ്റവാളികളില്‍ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഗളി ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകും.15 പേര്‍ക്കെതിരെയാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്. തൃശൂര്‍ ഐ ജി അജിത്കുമാറിനാണ് അന്വേഷണ ചുമതല.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണി കഴിഞ്ഞപ്പോള്‍ മുക്കാലിക്കടുത്ത് ചിണ്ടക്കി താന്നിച്ചോട് ഭാഗത്ത് മധു നടന്നു പോകുന്നതായി പ്രദേശവാസികള്‍ മുക്കാലിയിലുള്ള ചിലരെ വിളിച്ചു പറഞ്ഞു. മുക്കാലിയില്‍ നിന്ന് ചിലര്‍ അവിടേക്കെത്തി മധുവിനെ പിടികൂടി. കയ്യിലുണ്ടായിരുന്ന അരി, ബേക്കറി സാധനങ്ങള്‍ എന്നിവ തലയിലെടുപ്പിച്ച്‌ മുക്കാലിയിലേക്ക് നടത്തി.

രണ്ട് മണിക്കൂറോളം ഇവരുടെ കസ്റ്റഡിയിലുണ്ടായിരുന്ന യുവാവിന് കഠിനമായ മര്‍ദ്ദനമേറ്റു. മൂന്ന് മണിയോടെയാണ് മുക്കാലിയില്‍ എത്തിച്ചത്. വിവരമറിഞ്ഞ് എത്തിയ പൊലീസ് മധുവിനെ വാഹനത്തില്‍ കയറ്റി അഗളിയിലേക്ക് തിരിച്ചു. ചെമ്മണ്ണര്‍ എത്തിയപ്പോള്‍
മധു ഛര്‍ദ്ദിച്ചു. പൊലീസുകാര്‍ മധുവിന് വെള്ളം കൊടുത്തു.കാവുണ്ടിക്കല്‍ എത്തിയപ്പോള്‍
വീണ്ടും ഛര്‍ദിച്ചു. പൊലീസ് കഴിയുന്നത്ര വേഗം അഗളി ഗവര്‍മെന്റ് ആശുപത്രിയില്‍ മധുവിനെ എത്തിച്ചു. അപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു. മൃതദേഹം അഗളി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ സൂക്ഷിച്ചിരിക്കയാണ്.

Advertisements

കഴിഞ്ഞ കുറെ വര്‍ഷമായി വീടുവിട്ട് കാട്ടിലും പാറമടകളിലും കഴിയുകയാണ് മധു . വീട്ടിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ കുടുംബാംഗങ്ങള്‍ വരുന്നതു കണ്ടാല്‍ തന്നെ മധു ഓടിയൊളിക്കുമായി രുന്നുവെന്ന് സഹോദരി ചന്ദ്രിക പറഞ്ഞു. ഭക്ഷണം കഴിക്കാനായി മാത്രം എന്തെങ്കിലും എടുക്കുന്ന മധു പണമോ വിലപിടിപ്പുള്ള എന്തെങ്കിലുമോ എടുക്കാറില്ലെന്ന് ചെറിയമ്മ മരുതിയും പറഞ്ഞു.

മധുവിന്റെ പക്കലുണ്ടായിരുന്ന പ്ലാസ്റ്റിക് സഞ്ചിയില്‍ ഉപയോഗശൂന്യമായ സാധനങ്ങള്‍ ധാരാളം കണ്ടെത്തി. ഈ പഴയ വസ്തുക്കളുമേറ്റി അധികം ആള്‍താമസമില്ലാത്ത മേഖലകളില്‍ സഞ്ചരിക്കുകയാണ് പതിവ്. 2016ല്‍ മോഷണക്കുറ്റം ചുമത്തി മധുവിന്റെ പേരില്‍ അഗളി പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ പ്രതിയെ കണ്ടെത്താനായില്ല.

ആള്‍ക്കൂട്ടത്തിന്റെ തീര്‍പ്പുകല്‍പ്പിക്കലും ശിക്ഷയുമാണ് മുക്കാലിയില്‍ നടന്നത്. സംഘപരിവാറിന്റെ നേതൃത്വത്തില്‍ ഉത്തരേന്ത്യയില്‍ നടക്കുന്ന ഖാപ് വിചാരണയും തല്ലിക്കൊല്ലലും ഓര്‍മ്മിപ്പിക്കുന്നതാണ് മുക്കാലി സംഭവം.

കുറ്റവാളികളെ എത്രയും വേഗം അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ടീയ പാര്‍ടികളുടെയും ആദിവാസി ക്ഷേമസമിതിയുടെയും നേതൃത്വത്തില്‍ അഗളിയില്‍ പ്രകടനം നടന്നു.സംഭവത്തെ സി പി ഐ എം അട്ടപ്പാടി ഏരിയാ കമ്മിറ്റി ശക്തിയായി അപലപിച്ചു. കുറ്റവാളികളെ എത്രയും വേഗം അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *