ആംബുലന്‍സ് നിഷേധിച്ച് ആശുപത്രി അധികൃതര്‍; മകനെ തോളിലേറ്റി അമ്മ വീട്ടിലേക്ക്, യാത്രയ്ക്കിടെ കുട്ടി മരിച്ചു

ആശുപത്രി അധികൃതര്‍ ചികിത്സയും ആംബുലന്‍സും നിഷേധിച്ചതിനെ തുടര്‍ന്ന് മകനെയും തോളിലേറ്റി വീട്ടിലേക്ക് മടങ്ങിയ അയുടെ പക്കല്‍ നിന്ന് മരണം മകനെ തട്ടിയെടുത്തു. ഉത്തര്‍പ്രദേശിലെ ഷഹാജന്‍പൂരിലാണ് ഞെട്ടിക്കുന്ന സംഭവം.
കടുത്ത പനിയെത്തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സിക്കാന്‍ ഡോക്ടര്‍മര്‍ തയ്യാറായില്ലെന്ന് കുട്ടിയുടെ അച്ഛന്‍ പറയുന്നു. ചികിത്സ നിഷേധിച്ച ഡോക്ടര്‍മാര്‍ മറ്റേതെങ്കിലും ആശുപത്രിയലേക്ക് കുട്ടിയെ മാറ്റാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.

കുട്ടിയെ കൊണ്ടുപോകാന്‍ ഒരു ആംബുലന്‍സ് നല്‍കാന്‍ ഞാന്‍ ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതര്‍ തയ്യാറായില്ല. മൂന്ന് ആംബുലന്‍സുകള്‍ അവിടെ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് ഞങ്ങള്‍ക്ക് ഒരെണ്ണം നല്‍കാതിരുന്നതെന്ന് അറിയില്ലെന്നും കുട്ടിയുടെ അച്ഛന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

കയ്യില്‍ പണമില്ലാത്തതിനെ തുടര്‍ന്ന് മറ്റ് വാഹനം വിളിക്കാതെ കുട്ടിയെ തോളിലെടുത്ത് അമ്മയും അച്ഛനും വീട്ടിലേക്ക് നടക്കുകയായിരുന്നു. എന്നാല്‍ യാത്രയ്ക്കിടെ കുട്ടി മരിക്കുകയായിരുന്നു. അതേസമയം മാതാപിതാക്കളുടെ ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു.

അഫ്റോസ് എന്നു പേരുള്ള കുട്ടി രാത്രി 8.30 നാണ് ആശുപത്രിയില്‍ എത്തിയതെന്നും കുട്ടിയുടെ അവസ്ഥ ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി ലക്നൗവിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നെന്നും എമര്‍ജന്‍സി വിഭാഗം മെഡിക്കല്‍ ഓഫീസര്‍ അനുരാഗ് പരാശര്‍ പറഞ്ഞു. തന്‍റെ നിര്‍ദേശം അവഗണിച്ച അവര്‍ തങ്ങള്‍ക്ക് സൗകര്യമുള്ളിടത്ത് കുഞ്ഞിനെ കൊണ്ടുപോകുമെന്ന് പറഞ്ഞാണ് ഇറങ്ങി പോയതെന്നും അദ്ദേഹം അവകാശപ്പെട്ടു.
