KOYILANDY DIARY

The Perfect News Portal

അഴിമതി: പിഷാരികാവ് ദേവസ്വം എക്‌സി. ഓഫീസറെ മാറ്റി നിർത്തി അന്വേഷിക്കണം. ക്ഷേമസമിതി

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ദേവസ്വം എൽ. പി. സ്കൂളിൽ നടന്നിട്ടുള്ള അദ്ധ്യാപക നിയമനത്തെ സംബന്ധിച്ച് ഉയർന്നു വന്നിട്ടുള്ള കോഴ വിവാദത്തെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്ന്  പി ഷാരികാവ്ക്ഷേത്ര ക്ഷേമസമിതി യോഗം ആവശ്യപ്പെട്ടു.
മാനേജ്മെന്റ് സ്കൂളുകളിലെ അദ്ധ്യാപക-അനദ്ധ്യാപക നിയമനങ്ങൾക്ക് വലിയ തോതിൽ പണം വാങ്ങുന്നത് നാട്ടുനടപ്പായി അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ആയത് നൽകുന്നതിന് ഉദ്യോഗാർത്ഥികളും സ്വമേധയാ സന്നദ്ധരാണുതാനും. ഇത് പരസ്യമായ ഒരു രഹസ്യവുമാണ്. ഈ സാഹചര്യത്തിൽ ദേവസ്വം സ്കൂളിൽ അടുത്തിടെ നടന്ന മൂന്നോളം അദ്ധ്യാപക നിയമനങ്ങളിൽ വലിയ സാമ്പത്തിക ഇടപാടുകൾ നടന്നതായി ആരോപണമുയരുകയും സമൂഹ – വാർത്താ മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരിക്കുന്നു.
ആരോപണം ദേവസ്വം അധികൃതർ നിഷേധിക്കുകയും, നിയമനങ്ങൾക്ക് ദേവസ്വം പണം വാങ്ങാറില്ലന്ന് പറയുകയും ചെയ്യുന്നുണ്ടെങ്കിലും അത് പൂർണ്ണമായും വിശ്വാസയോഗ്യമാണന്ന് പറയാനാവില്ല. മാനേജർ എന്ന നിലയിൽ എക്സിക്യുട്ടീവ് ഓഫീസർ നിയമനാധികാരിയായിട്ടുള്ള ദേവസ്വം സ്കൂളിലെ അദ്ധ്യാപക നിയമനം വിശ്വസനീയമായ ഏതെങ്കിലും സ്വതന്ത്ര ഏജൻസിയുടെ മേൽനോട്ടത്തിലല്ല നടക്കുന്നത്. അതു കൊണ്ടു തന്നെ അഴിമതിക്ക് സാദ്ധ്യത ഏറെയാണ്.
പണം വാങ്ങാതെയാണ് നിയമനം എന്ന് പറയുമ്പോഴും നിമയമനം ലഭിച്ചവരിൽ നിന്നും ലഭിച്ച തുക ക്ഷേത്രത്തിലെ ചില ചെറിയ മരാമത്ത് പ്രവർത്തികൾക്ക് ചെലവഴിച്ചതാണന്ന് കാണിക്കാനുള്ള ശ്രമം ജനങ്ങൾക്കുള്ള സംശയം വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. കാരണം വാങ്ങിയതിന്റെയും ചെലവഴിച്ചതിന്റെയും ഒരു കണക്കും എവിടേയും രേഖപ്പെടുത്തിയിട്ടില്ല.
ഈ വിവാദങ്ങൾ എല്ലാം ചർച്ച ചെയ്യപ്പെടുമ്പോൾ തന്നെ ക്ഷേത്രത്തിൽ പുതിയ നിയമനങ്ങൾ നടത്തുന്നതിനുള്ള വിലപേശൽ ആരംഭിച്ചതായിട്ടാണ് അറിയാൻ കഴിയുന്നത്. ആയതിനാൽ കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തെ മുൻനിർത്തി വലിയ സാമ്പത്തിക അഴിമതിക്ക് നേതൃത്വം നൽകുന്ന ദേവസ്വം എക്സിക്യുട്ടീവ് ഓഫീസറെ തൽ സ്ഥാനത്ത്‌ നിന്നും മാറ്റി നിർത്തി അന്വേഷിക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ പ്രസിഡണ്ട് വി.വി.സുധാകരൻ അദ്ധ്യക്ഷം വഹിച്ചു. ഇ എസ്. രാജൻ, അഡ്വ. ടി.കെ. രാധാകൃഷ്ണൻ, വി. വി. ബാലൻ, എൻ. വി. വത്സൻ, എം. രൂപേഷ് കുമാർ, വി.കെ.ദാമോദരൻ, കെ.ബാലൻ നായർ, പി. വേണു, സി. പി. പ്രജോദ്, സുധീഷ് കോവിലേരി, എൻ.എം.വിജയൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *