KOYILANDY DIARY

The Perfect News Portal

അമ്മ സംഘടനയെ അച്ഛൻ സംഘടനയാക്കണം: എം. എം. ഹസ്സൻ

കോഴിക്കോട് : കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍  അമ്മയുടെ നിലപാടുകള്‍ക്കെതിരായ പ്രതിഷേധം അവസാനിക്കുന്നില്ല. അമ്മ ജനറല്‍ ബോഡി യോഗത്തിനു ശേഷം നടന്ന നാടകീയ രംഗങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നുണ്ട്. മുഖ്യമന്ത്രിക്കും ചലച്ചിത്രപ്രവര്‍ത്തകരുടെ അമ്മ സംഘടനയ്ക്കുമെതിരെ വിമര്‍ശനവുമായി ഇന്ന് കോണ്‍ഗ്രസും രംഗത്തെത്തിയിരിക്കുകയാണ്.

സിനിമാ താരങ്ങളുടെ സംഘടനയ്ക്ക് അച്ഛന്‍ എന്ന പേരാണ് ഉചിതമന്നായിരുന്നു കെപിസിസി പ്രസിഡന്‍റ് എംഎം ഹസന്‍റെ വിമര്‍ശനം. നടിയെ ആക്രമിച്ച സംഭവത്തില്‍ ഇത്രയും ഗുരുതര ആരോപണങ്ങള്‍ ഉണ്ടായിട്ടും സംഘടന ചര്‍ച്ച ചെയ്യാതിരുന്നത് ഉത്തരവാദിത്തമില്ലായ്മയാണെന്ന് ഹസന്‍ പറഞ്ഞു.

നടിയെ ആക്രമിച്ച കേസ് വഴിതെറ്റിച്ചതില്‍ ഒന്നാംപ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. തുടക്കത്തില്‍ തന്നെ സംഭവത്തില്‍ ഗൂഢാലോചന ഇല്ലെന്ന് പിണറായി പറഞ്ഞിരുന്നു. ഇതാണ് പുതിയ വിമര്‍ശനങ്ങള്‍ക്കു കാരണം.

Advertisements

കെബി ഗണേഷ് കുമാറും മുകേഷും ആരെയോ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായി കെ മുരളീധരനും പറഞ്ഞു. അന്വേഷണം കാര്യക്ഷമമായാല്‍ സിപിഎം നേതാക്കള്‍ കുടുങ്ങുമെന്നും മുരളി പറഞ്ഞു. അമ്മയുടെ യോഗത്തില്‍ നടന്നത് ജനാധിപത്യത്തിനു യോജിക്കാത്ത നടപടിയെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ബാലകൃഷ്ണപിള്ളയും വിമര്‍ശിച്ചു.

അതിനിടെ മകനെ പിന്തുണയ്ക്കാനും അദ്ദേഹം മറന്നില്ല. അമ്മയുടെ വാര്‍ത്താസമ്മേളനത്തില്‍ ഗണേഷ്കുമാര്‍ അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് ബാലകൃഷ്ണ പളള പറഞ്ഞു. എത്ര വലിയ താരമായാലും മാധ്യമങ്ങളെ കൂക്കിവിളിക്കുന്നത് ശരിയല്ലെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *