KOYILANDY DIARY

The Perfect News Portal

ബീച്ച്‌ ആശു​പത്രിയിലെ വെള്ളത്തില്‍ എലിയുടെ അവശിഷ്ടങ്ങള്‍

കോഴിക്കോട്: ബീച്ച്‌ ആശുപത്രിയിലെ വെള്ളത്തില്‍ എലിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. പനിവാര്‍ഡായ 24-ാം വാര്‍ഡിലേക്കുള്ള വെള്ളത്തിലാണ് അവശിഷ്ടം കണ്ടത്.  ഡെങ്കിപ്പനിയും എച്ച്‌ 1 എന്‍ 1-ഉം എലിപ്പനിയും ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പരക്കുന്നതിനിടെയാണ് ഇത്തരമൊരു സംഭവം. വിവിധതരം പനികള്‍ ബാധിച്ചെത്തിയവരെ കിടത്തുന്നത് 24-ാം വാര്‍ഡിലാണ്. ചികിത്സയില്‍ കഴിയുന്ന കുട്ടിയെ കുളിപ്പിക്കാനായി വെള്ളമെടുത്തപ്പോഴാണ് എലിയുടെ രോമവും ശരീരാവശിഷ്ടങ്ങളും അമ്മയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ അറിയിച്ചെങ്കിലും മോശമായ രീതിയിലായിരുന്നു പ്രതികരണമെന്ന് രോഗികള്‍ പറയുന്നു.

24-ാം വാര്‍ഡിലേക്ക് വെള്ളം വിതരണംചെയ്യുന്ന ടാങ്കില്‍ ചത്ത എലിയുടെ ശരീരാവശിഷ്ടങ്ങള്‍ തുടര്‍പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്ന്, ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസറും കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറും ജനപ്രതിനിധികളും ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തി. ആരെങ്കിലും സംഭവത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കണമെന്നും വീഴ്ചയുടെ കാര്യത്തില്‍ അന്വേഷണം നടത്തി വേണ്ടനടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

സര്‍ക്കാരിന്റെ ശുചീകരണയജ്ഞത്തിന്റെ ഭാഗമായി കഴിഞ്ഞ കുറേദിവസങ്ങളില്‍ ബീച്ച്‌ ആശു​പത്രിയില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍, ടാങ്ക് വൃത്തിയാക്കിയിരുന്നില്ല. ആശു​പത്രിയുടെ ശുചീകരണവിഭാഗവും ഇക്കാര്യം ശ്രദ്ധിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്. എലിപ്പനിയും ഡെങ്കിപ്പനിയും അടക്കമുള്ള രോഗങ്ങളുമായി ദിനംപ്രതി ആയിരക്കണക്കിന് പേരാണ് ഇവിടെയെത്തുന്നത്. സംഭവത്തെത്തുടര്‍ന്ന് ബീച്ച്‌ ആശു​പത്രി, കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ് ടി. സിദ്ദിഖിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ഉപരോധിച്ചു

Advertisements

Leave a Reply

Your email address will not be published. Required fields are marked *