അഭയ കൊലക്കേസ്: പ്രതികള്‍ കുറ്റക്കാരെന്ന് കോടതി
തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച സിസ്റ്റര്‍ അഭയ കൊലപാതക കേസില്‍ രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഫാദര്‍ തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. പ്രതികള്‍ക്കുള്ള ശിക്ഷ കോടതി മറ്റന്നാള്‍ വിധിക്കും. കൊലപാതക കുറ്റം നിലനില്‍ക്കുമെന്ന് കോടതി പറഞ്ഞു. ദൈവത്തിന് നന്ദി എന്നായിരുന്നു അഭയയുടെ സഹോദരന്റെ ആദ്യ പ്രതികരണം. രണ്ടു പ്രതികളും അന്വേഷണ ഉദ്യോഗസ്ഥരും വിധി പറയുന്നതിന് മുമ്ബ് തന്നെ കോടതിയിലെത്തിയിരുന്നു. കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെ ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. 28 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി പറഞ്ഞത്.
1992 മാര്‍ച്ച് 27ന് കോട്ടയം പയസ് ടെന്ത് കോണ്‍വെന്റിലെ അന്തേവാസിയായിരുന്ന സിസ്റ്റര്‍ അഭയ എന്ന ബീന തോമസ് കൊല്ലപ്പെട്ടതാണ് കേസ്. കേസിലെ ഒന്നാം പ്രതിയാണ് ഫാദര്‍ തോമസ് എം കോട്ടൂര്‍. മൂന്നാം പ്രതിയാണ് സിസ്റ്റര്‍ സെഫി. രണ്ടാം പ്രതി ഫാദര്‍ ജോസ് പുതൃക്കയിലിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടിരുന്നു. പ്രതികളുടെ ലൈംഗിക ബന്ധം സിസ്റ്റര്‍ അഭയ കണ്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറഞ്ഞത്. ഒന്നര വര്‍ഷത്തോളം നീണ്ട വിചാരണ കഴിഞ്ഞ പത്താം തിയ്യതിയാണ് അവസാനിച്ചത്. എട്ട് സാക്ഷികള്‍ കൂറുമാറിയിരുന്നു.

ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച വേളയില്‍ സിസ്റ്റര്‍ അഭയ ആത്മഹത്യ ചെയ്തതാണ് എന്നാണ് കണ്ടെത്തിയത്. പിന്നീട് സിബിഐ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണ് എന്ന കണ്ടെത്തലുണ്ടായത്. അഭയയുടെ മരണശേഷം കോട്ടയത്ത് രൂപീകരിച്ച ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ആയിരുന്നു ജോമോന് പുത്തന്‍പുരയ്ക്കല്‍. ഇദ്ദേഹം നടത്തിയ നിയമ പോരാട്ടങ്ങളാണ് സിബിഐ അന്വേഷണത്തിലേക്ക് നയിച്ചത്. അന്വേഷണ സംഘത്തിന്റെ പോരായ്മകളും രക്ഷപ്പെടാനുള്ള പ്രതികളുടെ തന്ത്രവുമെല്ലാം പൊളിക്കുന്നതില്‍ ജോമോന് പുത്തന്‍പുരയ്ക്കലിന്റെ ഇടപെടല്‍ നിര്‍ണായകമായിരുന്നു.

