KOYILANDY DIARY

The Perfect News Portal

അന്താരാഷ്ട്ര മീലാദ് സമ്മേളനം നാളെ

കോഴിക്കോട്: മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യക്ക് കീഴില്‍ പതിനായിരങ്ങള്‍ അണിനിരക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനം നാളെ കോഴിക്കോട് സ്വപ്നനഗരിയില്‍ നടക്കും. തിരുനബിയുടെ സ്നേഹ ലോകം എന്ന പേരില്‍ സുന്നി സംഘടനകളുടെയും മര്‍കസ് സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ഒരു മാസമായി നടത്തിവരുന്ന പ്രവാചകന്‍ മുഹമ്മദ് നബി (സ)യുടെ ജന്മദിനാഘോഷ പരിപാടികളുടെ സമാപനമാണ് മീലാദ് സമ്മേളനം. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പണ്ഡിതര്‍ അണിനിരക്കുന്ന സമ്മേളനത്തില്‍ മത, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ അണിനിരക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പ്രവാചക ദര്‍ശനങ്ങളുടെ പ്രസക്തി ആധുനിക ലോകത്തിന് പരിചയപ്പെടുത്തലും വിശ്വാസികളില്‍ നബി സ്നേഹ സന്ദേശം ഊട്ടിയുറപ്പിക്കലുമാണ് സമ്മേളന ലക്ഷ്യം. 2004 മുതലാണ് ലോകത്തിലെ പ്രധാനപ്പെട്ട പണ്ഡിതന്മാരെ ഉള്‍ക്കൊള്ളിച്ച്‌ മര്‍കസ് മീലാദ് സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു വരുന്നത്.

നാളെ വൈകുന്നേരം നാലിന് പതാക ഉയര്‍ത്തും. വിവിധ സംഘങ്ങളുടെ പ്രകീര്‍ത്തനാലാപനത്തോടെ സമ്മേളനം ആരംഭിക്കും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനം പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സി മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണം നടത്തും. പ്രവാചക ദര്‍ശനത്തിന്റെ പ്രസക്തി ആധുനിക കാലത്ത് എന്ന വിഷയത്തില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ വാര്‍ഷിക മദ്ഹുര്‍റസൂല്‍ പ്രഭാഷണം നടത്തും. ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി സമ്മേളന മിഷന്‍ അവതരിപ്പിക്കും. സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി സമാപന പ്രാര്‍ഥന നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി, സി പി ഉബൈദുല്ല സഖാഫി, മുഹമ്മദലി സഖാഫി വള്ളിയാട്, കെ അബ്ദുല്‍ കലാം, എം ലുഖ്മാന്‍ പങ്കെടുത്തു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *