അടച്ചിട്ട വീട് കുത്തിത്തുറന്ന് രണ്ട് ലക്ഷവും നാല് പവനും കവർന്നു

കോഴിക്കോട്: അടച്ചിട്ട വീടിന്റെ വാതില്‍ കുത്തിത്തുറന്ന് രണ്ട് ലക്ഷം രൂപയും നാല് പവനും മോഷ്ടിച്ചു. കടലുണ്ടി വാക്കടവ് തൊണ്ടിക്കോട് അബ്ദുള്‍ ഹാരിസിന്റെ വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. വീട്ടില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി.യുടെ ഹാര്‍ഡ്‌ഡിസ്‌കും മോഷ്ടാവ് കൊണ്ടുപോയി.
ചൊവ്വാഴ്ച രാത്രി വീട് പൂട്ടി അബ്ദുള്‍ ഹാരിസും കുടുംബവും വിദേശത്തേയ്ക്ക് പോയതാണ്. വീട്ടിലെ മുഴുവന്‍ മുറികളിലെയും അലമാരകള്‍ കുത്തിത്തുറന്നിട്ടുണ്ട്. രാവിലെ ജോലിക്കെത്തിയവരാണ് വാതില്‍ തുറന്നുകിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ബന്ധുക്കളെ വിവരം അറിയിക്കുകയും ഫറോക്ക് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. എസ്.ഐ.മാരായ ഹരീഷ്, സുരേഷ് ബാബു തുടങ്ങിയവര്‍ പരിശോധന നടത്തി.

