KOYILANDY DIARY

The Perfect News Portal

അച്ഛന്റെ ശ്രാദ്ധ കര്‍മങ്ങള്‍ നടത്തുന്നതിനായി ദിലീപ് സബ് ജയിലില്‍ നിന്ന് പുറത്തിറങ്ങി

കൊച്ചി: അച്ഛന്റെ ശ്രാദ്ധ കര്‍മങ്ങള്‍ നടത്തുന്നതിനായി കോടതി ഇളവ് അനുവദിച്ചതിനെ തുടര്‍ന്ന് നടന്‍ ദിലീപ് സബ് ജയിലില്‍ നിന്ന് പുറത്തിറങ്ങി. രണ്ട് മണിക്കൂര്‍ നേരത്തേക്കാണ് കോടതി ദിലീപിന് ഇളവ് അനുവദിച്ചത്. ആലുവയിലെ ദിലീപിന്റെ വീട്ടിലും മണപുറത്തുമായി കര്‍മങ്ങള്‍ രാവിലെ ഒമ്പതോടെ പൂര്‍ത്തിയാക്കി. ദിലിപിനൊപ്പം സഹോദരങ്ങളും മകള്‍ മീനാക്ഷിയും ചടങ്ങില്‍ പങ്കെടുത്തു.

അച്ചന്‍ പത്മനാഭന്‍ പിള്ളയുടെ ശ്രാദ്ധ കര്‍മത്തില്‍ പങ്കെടുക്കാനായി 2 മണിക്കൂര്‍ നേരത്തേക്കാണ് അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി അനുമതി നല്‍കിയത്. കര്‍മങ്ങള്‍ക്കായി 4 മണിക്കൂര്‍ ഇളവാണ് ദിലീപ് ആവശ്യപ്പെട്ടിരുന്നത്. പ്രത്യേക അനുമതി തേടി ശനിയാഴ്ചയാണ് ദിലീപ് അങ്കമാലി കോടതിയില്‍ അപേക്ഷ നല്‍കിയത്.

ആലുവ റൂറല്‍ എസ് പിക്കാണ് സുരക്ഷ മേല്‍നോട്ട ചുമതല. രാവിലെ മുതല്‍ ദിലീപിന്റെ വീടും പരിസരവും ആലുവ മണപ്പുറവും പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലായിരുന്നു. കര്‍ശന നിബന്ധനകളോടെയാണ് കോടതി ദിലീപിന്റെ ഹര്‍ജിയില്‍ ഇളവ് അനുവദിച്ചത്. പൊലീസ് ഉദ്യോസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കണം, അനുമതി ദുരുപയോഗം ചെയ്യരുത്, ചെലവുകള്‍ സ്വയം വഹിക്കണം എന്നീ നിര്‍ദ്ദേശങ്ങള്‍ കോടതി നല്‍കിയിട്ടുണ്ട്.

Advertisements

ദിലീപിന്റെ റിമാന്റ് കാലാവധി 16 തീയതി വരെ കോടതി നീട്ടിയിരുന്നു. ഇതിനിടെ ദിലീപ് മൂന്നാംതവണയും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. രണ്ടാംതവണയും ജാമ്യം നിഷേധിച്ച്‌ ഏതാനും ദിവസങ്ങള്‍ക്കകം തന്നെയാണ് ദിലീപ് വീണ്ടും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *