അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന് പ്രൗഡോജ്വല തുടക്കം

കൊയിലാണ്ടി > അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം. മുനിസിപ്പല്‍ ടൌണ്‍ഹാളില്‍ (ജയലക്ഷ്മി നഗര്‍) നടന്ന പ്രതിനിധി സമ്മേളനം മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ടി എന്‍ സീമ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എം എം പത്മാവതി പതാക ഉയര്‍ത്തിയതോടെ സമ്മേളനത്തിന് തുടക്കമായി. ഉദ്ഘാടനച്ചടങ്ങില്‍ എം എം പത്മാവതി അധ്യക്ഷയായി. മഹിളാ അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ പി കെ സൈനബ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എം കെ നളിനി റിപ്പോര്‍ട്ടും ട്രഷറര്‍ പാണൂര്‍ തങ്കം വരവ് ചെലവും അവതരിപ്പിച്ചു. കെ ജമീല രക്തസാക്ഷി പ്രതിജ്ഞ ചൊല്ലി. പാണൂര്‍ തങ്കം അനുശോചനപ്രമേയം അവതരിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി സതീദേവി, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എന്‍ കെ രാധ, മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ ലീല, ജാനകി കാസര്‍കോട്, അഡ്വ. സുമതി, കെ കെ ലതിക എന്നിവര്‍ പങ്കെടുത്തു. സ്വാഗതസംഘം കണ്‍വീനര്‍ കെ ദാസന്‍ എംഎല്‍എ സ്വാഗതം പറഞ്ഞു. നേര്‍വഴി കോഴിക്കോട് സ്വാഗതഗാനം ആലപിച്ചു.

എം എം പത്മാവതി, കെ പുഷ്പജ, കെ ജമീല താമരശേരി, അഡ്വ. പി എം ആതിര എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. ജാനമ്മ കുഞ്ഞുണ്ണിയാണ് പ്രമേയ കമ്മിറ്റി കണ്‍വീനര്‍. പ്രേമകുമാരി, എന്‍ കെ ലീല, ഷാജിമ പേരാമ്പ്ര, മീരാദര്‍ശക് എന്നിവരും കമ്മിറ്റിയിലുണ്ട്. കെ സത്യഭാമയാണ് മിനുട്സ് കമ്മിറ്റി കണ്‍വീനര്‍. ഷീബ, രമണി, വി പ്രസന്ന എന്നിവരാണ് മറ്റ് അംഗങ്ങള്‍. എം ലക്ഷ്മിയുടെ നേതൃത്വത്തിലുള്ള ക്രഡന്‍ഷ്യല്‍ കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നു.

380 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് ചേരുന്ന പൊതുസമ്മേളനം മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്യും.

