KOYILANDY DIARY

The Perfect News Portal

അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാന്‍ നിര്‍ദേശം നല്‍കുo; മന്ത്രി കെ ടി ജലീല്‍

തിരുവനന്തപുരം: അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ രേഖാമൂലം നിര്‍ദേശം നല്‍കുമെന്ന് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. തെരുവുനായ്ക്കളുടെ പ്രശ്നം പരിഹരിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് പദ്ധതിഫണ്ടില്‍നിന്ന് എത്ര പണംവേണമെങ്കിലും ചെലവഴിക്കാമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം പ്രസ്ക്ളബ്ബിന്റെ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അക്രമകാരികളായ നായ്ക്കളെ കൊല്ലാന്‍ നിയമം അനുവദിക്കുന്നുണ്ട്. പ്രത്യേക മരുന്ന് കുത്തിവച്ചുകൊല്ലണം എന്നാണ് നിയമം. നായ്ക്കളെ പുനരധിവസിപ്പിക്കുന്നതിന് മൂന്ന് ബ്ളോക്കുകള്‍വീതം കേന്ദ്രീകരിച്ച് മൊബൈല്‍ വന്ധ്യംകരണ യൂണിറ്റുകള്‍ സ്ഥാപിക്കും. വെറ്ററിനറി ഹൌസ് സര്‍ജന്മാര്‍ക്ക് സ്റ്റൈപെന്‍ഡ് നല്‍കി പദ്ധതിയുമായി സഹകരിപ്പിക്കും– മന്ത്രി പറഞ്ഞു.

ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം. എന്തും വരട്ടെയെന്ന രീതിയില്‍ ഈ പ്രശ്നത്തെ നേരിട്ടേ മതിയാകൂ. ഇക്കാര്യത്തില്‍ മുന്‍കാലങ്ങളിലുണ്ടായ അപാകതകള്‍ പരിഹരിക്കണം. മാലിന്യനിര്‍മാര്‍ജനമാണ് തെരുവുനായ്ക്കളെ ഒഴിവാക്കാനുള്ള പ്രധാന മുന്‍കരുതല്‍. നമ്മള്‍ ഓരോരുത്തരും ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തണം. മാലിന്യസംസ്കരണത്തിന് സംവിധാനമുള്ള ഹോട്ടലുകള്‍ക്ക് മാത്രമേ ലൈസന്‍സ് പുതുക്കിനല്‍കൂ എന്ന് തീരുമാനിക്കേണ്ടിവരും. കേന്ദ്രീകൃത മാലിന്യസംസ്കരണം ഇനി കേരളത്തില്‍ അസാധ്യമാണ്. വികേന്ദ്രീകൃത മാലിന്യസംസ്കരണംമാത്രമാണ് പോംവഴി. മാലിന്യസംസ്കരണത്തിന് നൂതനമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്ന ഏജന്‍സികളുമായി സഹകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ജപ്പാന്‍ കമ്പനിയുമായിചേര്‍ന്ന് കൊച്ചിയില്‍ ഇതിന്റെ പൈലറ്റ് പദ്ധതി നടപ്പാക്കും. സര്‍ക്കാരിന് മുതല്‍മുടക്കില്ലാത്ത പദ്ധതി വിജയകരമായാല്‍ എല്ലാ ജില്ലയിലും പ്രാവര്‍ത്തികമാക്കുമെന്നും കെ ടി ജലീല്‍ പറഞ്ഞു.

Advertisements