KOYILANDY DIARY

The Perfect News Portal

ക്ഷേമ പെന്‍ഷനുകള്‍ നേരിട്ട് വീട്ടിലെത്തിച്ച് നല്‍കുന്ന പദ്ധതിക്ക് സംസ്ഥാനത്താകെ തുടക്കമായി.

തിരുവനന്തപുര :  ക്ഷേമ പെന്‍ഷനുകള്‍  നേരിട്ട് വീട്ടിലെത്തിച്ച് നല്‍കുന്ന പദ്ധതിക്ക് സംസ്ഥാനത്താകെ തുടക്കമായി. എല്‍ഡിഎഫ് പ്രകടനപത്രികയിലെയും സര്‍ക്കാരിന്റെ ആദ്യ ബജറ്റിലെയും പ്രഖ്യാപനമാണ് ഇതോടെ നടപ്പായത്. യുഡിഎഫ് ഭരണകാലത്ത് ഉണ്ടാക്കിവച്ച കുടിശ്ശികയ്ക്കൊപ്പം ഒരുമാസം മുന്‍കൂര്‍ ഗഡുവുമാണ് പെന്‍ഷന്‍കാരുടെ കൈകളിലെത്തുന്നത്. സഹകരണ ബാങ്കുകളും പ്രാഥമിക സഹകരണ സംഘങ്ങളുംവഴി നേരിട്ട് ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ കൈമാറും. സംസ്ഥാനമെങ്ങും കയര്‍ത്തൊഴിലാളി പെന്‍ഷന്‍ വിതരണവും ആരംഭിച്ചു.

ക്ഷേമ പെന്‍ഷന്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കാട്ടാക്കട മണ്ഡലത്തിലെ വിളപ്പില്‍ പഞ്ചായത്തില്‍ പേയാട് ബിപി നഗറില്‍ മണിവീണയില്‍ പി കൃഷ്ണന് വയോജന പെന്‍ഷന്‍ വീട്ടിലെത്തി കൈമാറി സഹകരണമന്ത്രി എ സി മൊയ്തീന്‍ നിര്‍വഹിച്ചു. ഐ ബി സതീഷ് എംഎല്‍എ അധ്യക്ഷനായി. മുന്‍ സര്‍ക്കാര്‍ കുടിശികയാക്കിയതടക്കം 9,300 രൂപയാണ് കൃഷ്ണന് നല്‍കിയത്. ഇതേ വാര്‍ഡില്‍ 13,000 രൂപവരെ പെന്‍ഷന്‍ ഒന്നിച്ച് കിട്ടിയവരുമുണ്ട്.

ആലപ്പുഴയില്‍ കയര്‍ത്തൊഴിലാളി പെന്‍ഷന് പുതുതായി അര്‍ഹത നേടിയ 135 പേര്‍ക്ക് ഉള്‍പ്പെടെ ധനമന്ത്രി ടി എം തോമസ് ഐസക് പെന്‍ഷന്‍ തുക വിതരണംചെയ്തു. എസ്ഡിവി സ്കൂള്‍ സെന്റിനറി ഹാളില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ കയര്‍ഗ്രാമമൊന്നാകെ എത്തി. മുന്‍ സര്‍ക്കാര്‍ കുടിശ്ശിക വരുത്തിയ രണ്ടുമാസത്തെ പെന്‍ഷനും എല്‍ഡിഎഫ് സര്‍ക്കാര്‍ 1000 രൂപയാക്കി വര്‍ധിപ്പിച്ച തുകയുമടക്കമാണ് വിതരണംചെയ്തത്. ഓരോരുത്തര്‍ക്കും 6200 രൂപ മുതല്‍ 10,400 രൂപവരെ വിതരണംചെയ്തു. ഇതോടൊപ്പം, കയര്‍പിരി സംഘങ്ങള്‍ക്കും മാറ്റ്സ് ആന്‍ഡ് മാറ്റിങ്സ് ചെറുകിട ഉല്‍പ്പാദക സംഘങ്ങള്‍ക്കുള്ള പിഎംഐ, എംഡിഎ ആനുകൂല്യങ്ങളും വിതരണംചെയ്തു. സംസ്ഥാനത്തെ 65,974 പേര്‍ക്ക് കയര്‍ത്തൊഴിലാളി പെന്‍ഷനായി 45 കോടി രൂപയും 422 സംഘങ്ങള്‍ക്ക് പിഎംഐയായി 4.85 കോടിയും വിവിധ സംഘങ്ങള്‍ക്കുള്ള എംഡിഎയായി നാലുകോടി രൂപയും വിതരണം ചെയ്യുന്നതിന് ഇതോടെ തുടക്കമായി.

Advertisements

വയോധികര്‍, വിധവകള്‍, 50 വയസ്സുകഴിഞ്ഞ അവിവാഹിതകള്‍, കര്‍ഷകത്തൊഴിലാളികള്‍, അംഗപരിമിതര്‍ തുടങ്ങി 32 ലക്ഷത്തിലധികം നിരാംലബര്‍ക്കും അവശര്‍ക്കുമാണ് മുടങ്ങിക്കിടന്ന പ്രതിമാസ പെന്‍ഷന്‍ കുടിശ്ശികയടക്കം എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കുന്നത്. 3100 കോടി രൂപയാണ് ഇത്തരത്തില്‍ എത്തിക്കുന്നത്. സെപ്തംബറിലെ പെന്‍ഷന്‍ മുന്‍കൂറായും നല്‍കുന്നു.