KOYILANDY DIARY

The Perfect News Portal

അക്രമകാരികളായ തെരുവുനായ്ക്കളെ മരുന്ന് കുത്തി വച്ച്‌ കൊല്ലാന്‍ തീരുമാനം

തിരുവനന്തപുരം: അക്രമകാരികളായ തെരുവുനായ്ക്കളെ മരുന്ന് കുത്തി വച്ച്‌ കൊല്ലാന്‍ തീരുമാനം. ഇത് സംബന്ധിച്ചുള്ള നിര്‍ദ്ദേശം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഉടനെതന്നെ നല്‍കുമെന്ന് മന്ത്രി കെടി ജലീല്‍. അടുത്തിടെ തിരുവനന്തപുരത്ത് തെരുവ് നായക്കള്‍ വൃദ്ധയെ ജീവനോട് കടിച്ച്‌ കൊന്നിരുന്നു. അക്രമകാരികളായ നായകളുടെ ഉപദ്രവം പെരുകിയതോടെയാണ് ഇവയെ കൊല്ലാനുള്ള തീരുമാനത്തിലെത്തിയതെന്ന് മന്ത്രി പറഞ്ഞു.

തെരുവ് നായകളെ കൊല്ലുന്നത് സംബന്ധിച്ച്‌ ഉത്തരവ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇന്ന് തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. മൂന്ന് ബ്ലോക്കുകളില്‍ ഒരു വന്ധ്യംകരണ യൂണിറ്റ് എന്ന തരത്തിലാണ് ഇപ്പോള്‍ ആലോചിക്കുന്നത്. മുന്‍കാലങ്ങളെപ്പോലെ പദ്ധതി ഇഴഞ്ഞ് പോകാതെ നോക്കുമെന്നും മന്ത്രി തിരുവനന്തപുരം പ്രസ്ക്ലബില്‍ നടന്ന മീറ്റ് ദ പ്രസ് പരിപാടിയില്‍ വ്യക്തമാക്കി.

തെരുവുനായ്ക്കളെ വന്ധ്യംകരിക്കാന്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ വേണം. ഓപ്പറേഷന്‍ കഴിഞ്ഞ് രണ്ടുദിവസമെങ്കിലും പരിചരിക്കേണ്ടതായും വരും. ആവശ്യത്തിന് ഡോക്ടര്‍മാരുടെ സേവനം ലഭിച്ചില്ലെങ്കില്‍ അവസാന വര്‍ഷ വെറ്റിനറി വിദ്യാര്‍ഥികളുടെ സേവനം ഉപയോഗപ്പെടുത്താന്‍ കഴിയുമോയെന്നും പരിശോധിച്ച്‌ വരികയാണെന്നും മന്ത്രി പറഞ്ഞു.

Advertisements

തെരുവുനായ ശല്യം കൂടുതലുള്ള പ്രദേശങ്ങളില്‍ സെപ്റ്റംബര്‍ മുതല്‍ വന്ധ്യംകരണം നടത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വകുപ്പുതല യോഗത്തില്‍ തീരുമാനമായിരുന്നു. തിരുവനന്തപുരത്തു വയോധികയെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണു മുഖ്യമന്ത്രി യോഗം വിളിച്ചത്.

തെരുവുനായ ശല്യം നേരിടാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇന്നലെത്തന്നെ അറിയിച്ചിരുന്നു. ശല്യം രൂക്ഷമായ മേഖലകളില്‍ അടിയന്തര പരിഹാര നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശവും നല്‍കി. ഇതിന് പിന്നാലെയാണ് നായ്കളെ കൊല്ലാന്‍ തീരുമാനിച്ചത്.

അക്രമകാരികളായ തെരുവ് നായകളെ സംസ്ഥാന്തതിന്റെ പലയിടങ്ങളിലും ഇപ്പോഴും കൊല്ലുന്നുണ്ട്. നിയമപ്രശ്നങ്ങളുള്ളത് കൊണ്ട് ഇത് ചെയ്യുന്നത് ആരാണെന്ന് പുറത്ത് പറയാനാവില്ലെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ തീരുമാനത്തിന് നിയമപ്രശ്നങ്ങളില്ലാതെ നോക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. അക്രമണകാരികളായ തെരുവു നായ്ക്കളെ വെറ്ററിനറി സര്‍ജന്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നതിന് അനുസരിച്ചു കൊല്ലാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍ തീരുമാനിച്ചിട്ടുണ്ട്.