KOYILANDY DIARY.COM

The Perfect News Portal

സ്ത്രീകളുടെ ചിത്രങ്ങള്‍ അശ്ലീല വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: സ്ത്രീകളുടെയും പെണ്‍കുട്ടികളുടയും ചിത്രങ്ങളും വിഡിയോകളും പകര്‍ത്തി അശ്ലീല വെബ്‌സൈറ്റില്‍ പ്രചരിപ്പിച്ച സി-ഡിറ്റ് താല്‍ക്കാലിക ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സെക്രട്ടേറിയറ്റിന് മുന്നിലെ നടപ്പാത ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നാണ് ഇയാള്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ പകര്‍ത്തിയത്. തിരുവനന്തപുരം മുട്ടത്തറ സ്വദേശിയും സി-ഡിറ്റിലെ താല്‍ക്കാലിക ജീവനക്കാരനുമായ മഹേഷ് ഭാസ്‌കരനെയാണ് (26) അറസ്റ്റ് ചെയ്തത്. വ്യാജ പേരിലാണ് ഇയാള്‍ ചിത്രങ്ങള്‍ അശ്ലീല സൈറ്റില്‍ അപ്ലോഡ് ചെയ്തത്.

ഗവ. ലോ കോളജിലെ വിദ്യാര്‍ഥിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹൈടെക് പൊലീസ് നടത്തിയ അന്വേഷണത്തിലാണു പ്രതി കുടുങ്ങിയത്. പാളയത്തെ സാഫല്യം കോംപ്ലക്‌സില്‍ നിന്ന് ഇറങ്ങിവരുന്ന വിദ്യാര്‍ഥിനിയുടെ നിരവധി ചിത്രങ്ങളാണ് ഇയാള്‍ സൈറ്റില്‍ അപ്‌ലോഡ് ചെയ്തത്. ചിത്രങ്ങള്‍ക്കു പുറമേ മുപ്പതോളം അശ്ലീല വിഡിയോകളും അപ്‌ലോഡ് ചെയ്തിരുന്നു.

എന്നാല്‍ പ്രതി സര്‍ക്കാര്‍ ഓഫീസുമായി അടുത്ത ബന്ധമുള്ളയാളാണെന്നും ഇതോടെ സ്വാധീനമുപയോഗിച്ച്‌ കേസ് ഒതുക്കാന്‍ ശ്രമിച്ചെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. പ്രതിയുടെ അറസ്റ്റിനു പിന്നാലെ കന്റോണ്‍മെന്റ് സിഐ എം.പ്രസാദിനെ വിജിലന്‍സിലേക്കു മാറ്റിയതും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. പ്രതിയ്ക്കുള്ള ഉന്നത ബന്ധങ്ങളാണ് സിഐയെക്കെതിരെയുള്ള പ്രതികാര നടപടിയ്ക്ക് പിന്നിലെന്നും ആക്ഷേപമുണ്ട്.

Advertisements

പ്രതിയെ അറസ്റ്റ് ചെയ്തപ്പോള്‍ മാധ്യമങ്ങളില്‍ നിന്നു മറച്ചുവയ്ക്കാനും പൊലീസിനു മേല്‍ സമ്മര്‍ദം ഉണ്ടായിരുന്നു. മാധ്യമങ്ങളെ അറിയിക്കാതെയാണു പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്. തിരുവനന്തപുരം നഗരത്തിലെ പ്രധാന റോഡുകള്‍, നടപ്പാതകള്‍, തുണിക്കടകള്‍, ബസുകള്‍ എന്നിവയില്‍ നിന്നായി നിരവധി ചിത്രങ്ങളാണ് മഹേഷ് വ്യാജ പേരില്‍ വിവിധ അശ്ലീല സൈറ്റുകളില്‍ പ്രചരിപ്പിച്ചത്. ഇതില്‍ പകുതിയോളം പൊലീസ് നിരീക്ഷണം സദാസമയമുള്ള സെക്രട്ടേറിയറ്റിനു മുന്നിലുള്ള നടപ്പാതയില്‍ നിന്നു പകര്‍ത്തിയതാണ്.

സി-ഡിറ്റില്‍ വച്ചു ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍, മലയാളം മിഷന്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവയുടെ വെബ്‌സൈറ്റുകള്‍ രൂപകല്‍പന ചെയ്തതിലും മഹേഷ് പങ്കുവഹിച്ചിരുന്നു. സി-ഡിറ്റിന്റെ വെബ്‌സൈറ്റ് ഡിസൈന്‍ ചെയ്തതും മഹേഷാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഇപ്പോള്‍ ജാമ്യത്തിലാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *